രാമക്ഷേത്ര നിര്‍മാണം അടുത്ത ഒക്ടോബറില്‍ ആരംഭിക്കുമെന്ന് വി.എച്ച്.പി

ബംഗളൂരു: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് അടുത്ത വര്‍ഷം ഒക്ടോബറില്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. പരിഷത്ത് അന്താരാഷ്ട് ജോയിന്റ് സെക്രട്ടറി സുരേന്ദ്രകുമാര്‍ ജെയിന്റേതാണ് പ്രസ്താവന. കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കുന്ന ധര്‍മ സന്‍സദ് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അയോധ്യയില്‍ രാമക്ഷേത്രം മാത്രമേ നിര്‍മിക്കൂ എന്ന ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വിഷയത്തില്‍ വി.എച്ച്.പിയും പ്രതികരണവുമായി രംഗത്തെത്തിയത്. ഇതേ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രസ്താവന. ‘അവിടെയുള്ള അതേ കല്ലുകള്‍ കൊണ്ട് ഞങ്ങള്‍ അവിടെ ക്ഷേത്രം പണിയും. മന്ദിറിന്റെ മുകളില്‍ കാവിക്കൊടി പറക്കുന്ന കാലം വിദൂരമല്ല’ -എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. രാജ്യത്ത് സമ്പൂര്‍ണമായി ഗോവധ നിരോധനം കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എല്ലാ ഹിന്ദു ദമ്പതികള്‍ക്കും നാലു മക്കളെങ്കിലും വേണമെന്നും ജെയിന്‍ പറഞ്ഞു. നിരവധി ദമ്പതികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും അതിനെ സ്വാഗതം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാബരിയുമായി ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ഭാഗവതിന്റെയും ജെയിനിന്റെയും വിവാദ പരാമര്‍ശങ്ങള്‍.

SHARE