രാമക്ഷേത്ര ഭൂമിപൂജ; ടാറ്റ, അംബാനി, അദാനി, ബിര്‍ള, മഹീന്ദ്ര, ബജാജ്- വ്യവസായ ഭീമന്മാര്‍ക്കെല്ലാം ക്ഷണം

ലഖ്‌നൗ: ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടക്കുന്ന രാമജന്മഭൂമി ക്ഷേത്ര ഭൂമി പൂജയിലേക്ക് രാജ്യത്തെ വ്യവസായ ഭീമന്മാര്‍ക്കെല്ലാം ക്ഷണം. രത്തന്‍ ടാറ്റ, മുകേഷ് അംബാനി, ഗൗതം അദാനി, കുമാരമംഗലം ബിര്‍ള, ആനന്ദ് മഹീന്ദ്ര, രാഹുല്‍ ബജാജ്, രാജീവ് ബജാജ് എന്നിവര്‍ക്കാണ് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ഇരുന്നൂറ് പേര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചിട്ടുള്ളത്.

ഓഗസ്റ്റ് അഞ്ചിന് രാവിലെ പതിനൊന്നരയ്ക്ക് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമേ, ആഭ്യന്തര മന്ത്രി അമിത് ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കളും ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളുമായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ആര്‍.എസ്.എസ് അദ്ധ്യക്ഷന്‍ മോഹന്‍ഭാഗവത് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.

നിര്‍മാണത്തിനായി ഗംഗാജലമാണ് ഉപയോഗിക്കുക. ഹരിദ്വാറില്‍ നിന്നാണ് ജലമെത്തിക്കുക. വിശ്വഹിന്ദു പരിഷത്താണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്. ചടങ്ങ് നടക്കുന്ന ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യ മുഴുവന്‍ അലങ്കരിക്കും. നഗരത്തിന്റെ വിവിധയിടങ്ങള്‍ പരിപാടികള്‍ തത്സമയം വീക്ഷിക്കാന്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നുണ്ട്. പരിപാടി ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യും.

326 കോടി രൂപ മുടക്കിയാണ് ബാബരി മസ്ജിദ് നില നിന്ന സ്ഥാനത്ത് രാമക്ഷേത്രം നിര്‍മിക്കുന്നത്. 2019 നവംബറിലാണ് മസ്ജിന്റെ ഭൂമി ക്ഷേത്രത്തിനായി വിട്ടുകൊടുത്ത സുപ്രിംകോടതി വിധിയുണ്ടായിരുന്നത്. 200 അടി താഴ്ചയില്‍ നിന്നാണ് ക്ഷേത്രം കെട്ടിപ്പൊക്കുന്നത്. പിന്നീട് ഒരു തര്‍ക്കത്തിന് കാരണമാകരുത് എന്ന് കരുതിയാണ് ഇത്രയും താഴെ നിന്ന് അടിത്തറ കെട്ടുന്നത് എന്ന് ട്രസ്റ്റ് അംഗം കമലേശ്വര്‍ ചൗപല്‍ പറഞ്ഞു.

SHARE