അയോദ്ധ്യയിലെ ഭൂമി പൂജ കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം – തടയണമെന്ന ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി

ലഖ്‌നൗ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ഓഗസ്റ്റ് അഞ്ചിന് നടക്കുന്ന ഭൂമി പൂജ തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. കേന്ദ്രത്തിന്റെ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് മുന്നൂറു പേര്‍ പങ്കെടുക്കുന്ന പരിപാടി എന്നായിരുന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഹര്‍ജി തള്ളിയ കോടതി എല്ലാ സുരക്ഷാ പ്രോട്ടോകോളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകന്‍ സാകേത് ഗോഖലെയാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹര്‍ജിക്കു പുറമേ, എന്തടിസ്ഥാനത്തിലാണ് ചടങ്ങിന് അനുമതി നല്‍കിയത് എന്ന് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ഇദ്ദേഹം ആര്‍.ടി.ഐയും സമര്‍പ്പിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിന് അയോദ്ധ്യയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിടുന്നത്. ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെ, ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങിനെത്തും.

മൂന്നര വര്‍ഷം കൊണ്ട് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ലാര്‍സണ്‍ ആന്റ് ടര്‍ബോ കമ്പനിക്കാണ് ക്ഷേത്രം നിര്‍മിക്കാനുള്ള കരാര്‍. 2019 നവംബറിലാണ് ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി വിട്ടുനല്‍കിയിരുന്നത്.

SHARE