ലോക്ക്ഡൗണ്‍: ഗുഡ്ഗാവിലെ 200 ചേരി കുടുംബങ്ങള്‍ക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിച്ച് ബോളിവുഡ് നടി രകുല്‍ പ്രീത് സിങ്

ഗുഡ്ഗാവ്: ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ ഊട്ടി ബോളിവുഡ് നടി രകുല്‍ പ്രീത് സിങും കുടുംബവും. ജന്മസ്ഥലമായ ഗുഡ്ഗാവിലെ ചേരിപ്രദേശങ്ങളില്‍ താമസിക്കുന്ന 200 കുടുംബങ്ങള്‍ക്കാണ് നടി എല്ലാ ദിവസവും ഭക്ഷണമെത്തിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ഞങ്ങളുടെ അടുത്തുള്ള ചേരിയില്‍ ഇപ്പോള്‍ ആര്‍ക്കും അടിസ്ഥാന വിഭവങ്ങളില്ല എന്ന് അച്ഛന്‍ തിരിച്ചറിഞ്ഞു. ദിവസം രണ്ടു നേരമാണ് ഇപ്പോള്‍ അവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതു വരെ ഇതു തുടരും. നിലവിലെ ലോക്ക്ഡൗണ്‍ തുടരുന്നു എങ്കില്‍ ഭക്ഷണവിതരണവും തുടരും. ഏപ്രില്‍ മാസം അവസാനം വരെ ഇത് ഏറ്റിട്ടുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. അപ്പാര്‍ട്ട്‌മെന്റിന് അടുത്തു വച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. അത് പിന്നീട് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയാണ്’ – അവര്‍ വ്യക്തമാക്കി.

https://twitter.com/Rakulpreet/status/1245276104060887040


നടിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരുടെ ആരാധകരും ഭക്ഷണവിതരണം ഏറ്റെടുത്തിട്ടുണ്ട്. ആരാധകര്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ നടി സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചു.
ഷാറൂഖ് ഖാന്‍, അക്ഷയ് കുമാര്‍, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര, സല്‍മാന്‍ ഖാന്‍ തുടങ്ങിയ നിരവധി താരങ്ങളാണ് ലോക്ക് ഡൗണില്‍ ദരിദ്രരെ സഹായിക്കാനായി മുമ്പോട്ടു വന്നിട്ടുള്ളത്.