പൗരത്വഭേദഗതി ബില്ലി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വിയര്‍ത്ത് അമിത് ഷാ. അതിനിടെ അമിത് ഷാക്കെതിരെ ചോദ്യം ചോദിക്കവെ തത്സമയ സംപ്രേഷണം നിര്‍ത്തിയ രാജ്യസഭാ ടി.വി. പൗരത്വ ബില്‍ അസമികളുടെ താത്പര്യം സംരക്ഷിക്കുന്നു എന്ന ഷായുടെ അവകാശ വാദത്തെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. ചെയറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംപ്രേഷണം നിര്‍ത്തിയത്.
ലോക്‌സഭയില്‍ പാസായ പൗരത്വ ഭേദഗതി ബില്‍ ഉച്ചക്ക് പന്ത്രണ്ടുമണിയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു തുടങ്ങിയത്. പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബില്‍ മുസ്‌ലിങ്ങള്‍ക്കെതിരെയാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞ അമിത് ഷാ, ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാറാണ് നരേന്ദ്രമോദിയുടേതെന്നും ഇന്ത്യയിലെ മുസ്‌ലിങ്ങള്‍ എപ്പോഴും ഇന്ത്യയിലെ പൗരന്മാര്‍ തന്നെയായിരിക്കുമെന്നും മുസ്‌ലിംകള്‍ ഭയക്കേണ്ടെന്നും പറഞ്ഞു. അതേസമയം പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിങ്ങളെ ഇന്ത്യന്‍ പൗരന്മാരാക്കേണ്ട കാര്യമുണ്ടോയെന്ന് ബില്‍ അവതരിപ്പിക്കവേ അമിത് ഷാ ചോദിച്ചു. മുസ്‌ലിംകളെ മാത്രം ഒഴുവാക്കിയുള്ള ബില്‍ എന്ന പ്രതിപക്ഷ വിമര്‍ശനം നിലനില്‍ക്കെയാണ് രാജ്യസഭയില്‍ അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന വാദം.
അമിത് ഷാ പൗരത്വ ബില്ല് അവതിരിപ്പിച്ചതിന് പിന്നാലെ ഇന്ത്യന്‍ ഭരണഘടയുടെ അടിത്തറയ്ക്ക് ആഘാതമേല്‍പ്പിക്കുന്നതാണ് ബില്ലെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തുറന്നടിച്ചു. ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നതാണ് ബില്ലെന്നും ബിജെപി നീക്കം ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഭജനം കോണ്‍ഗ്രസിന്റെ ആശയമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ കള്ളം പറഞ്ഞെന്നും രണ്ട് രാജ്യം എന്ന സിദ്ധാന്തം മുന്നോട്ടു വെച്ചത് ആര്‍.എസ്.എസ് നേതാവ് വി.ഡി. സവര്‍കര്‍ ആണെന്ന് കോണ്‍ഗ്രസ് എം.പി. ആനന്ദ് ശര്‍മ തിരുത്തി.
എന്‍.ഡി.എ സര്‍ക്കാറിന് അനുസരിച്ച് ചരിത്രം മാറില്ലെന്നു കോണ്‍ഗ്രസ് വിഭജനത്തിന് കൂട്ടുനിന്നുവെന്ന് ആരോപിക്കുക വഴി കേന്ദ്ര മന്ത്രി അമിത് ഷാ സ്വാതന്ത്ര സമരസേനാനികളെ അപമാനിക്കുകയാണെന്നും ശര്‍മ കുറ്റുപ്പെടുത്തി. സര്‍ദാര്‍ പട്ടേല്‍ മോദിയെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം രോഷാകുലനായേനെ, ഗാന്ധിജി സങ്കടപ്പെടും, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടി വിഭജനത്തെ അനുകൂലിച്ചിട്ടില്ല. രണ്ട് രാജ്യമെന്ന വാദം മുഹമ്മദലി ജിന്നയുടേതല്ല. ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത് ഹിന്ദു മഹാസഭയാണ്. 1937ൽ ഗുജറാത്തിലാണ് ഹിന്ദു മഹാസഭ ഈ വാദം അവതരിപ്പിച്ചത്. വിഭജനത്തിന് ശേഷം വന്നവരെയെല്ലാം സ്വീകരിച്ചവരാണ് നമ്മള്‍. അവരില്‍ നിന്ന് നമുക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നെന്നും ആനന്ദ് ശര്‍മ ചൂണ്ടിക്കാട്ടി. വിഭജനത്തിൽ ബ്രിട്ടീഷുകാരുടെ പങ്ക് നിങ്ങൾ എന്തു കൊണ്ട് പറയുന്നില്ലെന്നും ആനന്ദ് ശർമ ചോദിച്ചു.
ബി.ആര്‍ അംബേദ്കറെ അവഹേളിക്കുന്നതാണ് ബില്ലെന്നു പറഞ്ഞ ശര്‍മ, ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണെന്ന് ഓര്‍മിപ്പിച്ചു. 2016-ലെ ബില്ലും 2019-ലെ ബില്ലും തമ്മില്‍ ഒട്ടേറെ വ്യത്യാസമുണ്ട്. എന്തിന് ബില്‍ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കണമെന്നും ബില്ല് പാര്‍ലമെന്റ് പരിശോധനക്കായി വിടണമെന്നും ബില്ലില്‍ സൂക്ഷമ പരിശോധന വേണമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
ലോക്‌സഭ പാസാക്കിയ ശേഷം രാജ്യസഭയില്‍ എത്തിയ ബില്ലിനെ ലോക്‌സഭയില്‍ അനുകൂലിച്ച ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രാജ്യസഭയില്‍ ബില്ലിനെതിരെ രംഗത്ത് വന്നു.
ദേശീയ പൗരത്വ ബില്‍ ഭേദഗതി ഇന്ന് രാജ്യസഭയിലെത്തുമ്പോള്‍ ഭൂരിപക്ഷമില്ലെങ്കിലും കേന്ദ്ര സര്‍ക്കാരിന് അനുകൂലമായേക്കാവുന്ന അപകടകരമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ചെറിയ പാര്‍ട്ടികളുടെ പിന്തുണ കൂടി ബി.ജെ.പിക്കു വന്നാല്‍ ബില്ല് രാജ്യസഭയും കടന്ന് നിയമമാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. രാജ്യസഭയില്‍ ബില്‍ പരാജയപ്പെട്ടാല്‍ സംയുക്ത പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കാനും കേന്ദ്ര സര്‍ക്കര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുകയും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുകയും ചെയ്യുന്ന ബില്ല് ലോക്‌സഭ കടന്നതോടെ രാജ്യസഭയും കടക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഏഴുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് ലോക്‌സഭയില്‍ ബില്ല് പാസായത്. ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.