ഏഴ് സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്


ന്യൂഡല്‍ഹി: 7 സംസ്ഥാനങ്ങളില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത.

മെയ് 26ന് നടക്കേണ്ട രാജ്യസഭ തെരഞ്ഞെടുപ്പ് കോവിഡിന്റെ പശ്ചാത്തലത്തില്‍ നീട്ടി വെക്കുകയായിരുന്നു. ഗുജറാത്തില്‍ നാല് സീറ്റിലേക്കും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 3 വീതം സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 2 സീറ്റിലേക്കും മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ 3 സീറ്റുകളില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് രണ്ട് എം.എല്‍.എമാരുടെ കുറവുണ്ട്. കുതിര കച്ചവടം ആരോപിച്ചു കോണ്‍ഗ്രസ് എം.എല്‍.എ മാരെ രാജസ്ഥാനിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തിരികെ എത്തുന്ന എം.എല്‍.എമാരുടെ തീരുമാനം നിര്‍ണായകമാകും. മധ്യപ്രദേശില്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഈ രണ്ട് വീതം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് വേണ്ടി ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസിനു വേണ്ടി ദ്വിഗ് വിജയ് സിങ്ങും മത്സരിക്കുന്നു.

രാജസ്ഥാനില്‍ മൂന്നില്‍ രണ്ട് സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനു കഴിയും. എന്നാല്‍ ബി.ജെ.പി എന്ത് തന്ത്രം പ്രയോഗിക്കുമെന്ന് കാത്തിരുന്നു കാണണം. കോണ്‍ഗ്രസ് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ മത്സരത്തിനുണ്ട്. ഝാര്‍ഖണ്ഡില്‍ രണ്ട് സീറ്റുകളിലേക്ക് കോണ്‍ഗ്രസ്, ജെ.എം.എം, ബി.ജെ.പി എന്നിവര്‍ ഓരോ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മണിപ്പൂരില്‍ ഒരു സീറ്റിലേക്ക് നടക്കുന്ന മത്സരത്തില്‍ ജയിക്കുമെന്ന പ്രതീക്ഷയില്‍ നിന്ന ബി.ജെ.പിയുടെ സാധ്യതകള്‍ അടച്ചു കൊണ്ട് 9 എം.എല്‍.എമാര്‍ കൂറ് മാറിയത് അവിടെ നിര്‍ണായകമാകും. നിലവില്‍ രാജ്യസഭക്കകത്ത് 90 അംഗങ്ങളുള്ള ബി.ജെ.പി ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടാക്കാനുള്ള നീക്കത്തിലാണ്.

SHARE