രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി : തര്‍ക്കത്തെ തുടര്‍ന്ന യുപിയിലെ വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി : രാജ്യസഭാ വോട്ടെണ്ണല്‍ തുടങ്ങി. കേരളം ഉള്‍പ്പെടെ 16 സംസ്ഥാനങ്ങളിലെ 58 രാജ്യസഭാ സീറ്റുകളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടന്നത്. 33 പേരെ എതിരില്ലാതെ തെരഞ്ഞെടുത്തതിനാല്‍ 25 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നാലു മണിയോടെ അവസാനിച്ചത്. അഞ്ചു മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. വോട്ടെണ്ണി തീരുന്ന മുറയ്ക്ക് ഫലവും പ്രഖ്യാപിക്കും. അതിനിടെ, ബാലറ്റ് പേപ്പറുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തിലും വോട്ടെണ്ണല്‍ വൈകുന്നതായാണ് വിവരം. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ച സാഹചര്യത്തിലാണിത്.

യുപിയില്‍ 10രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് എട്ടുസീറ്റുകളില്‍ ബി.ജെ.പിക്ക് അനായാസം ജയിക്കാം. ബാക്കി രണ്ട് സീറ്റുകളില്‍ ഒരെണ്ണത്തില്‍ എസ്.പിക്കും വിജയം എളുപ്പമാണ്. 37 വോട്ടുകളാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് ആവശ്യം. 47 വോട്ടുകളുള്ള സമാജ് വാദി പാര്‍ട്ടിക്ക് ഒരു സ്ഥാനാര്‍ത്ഥിയെ എളുപ്പം വിജയിപ്പിക്കാനാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അവശേഷിക്കുന്ന ഒരു സീറ്റിലേക്കാണ് മത്സരം നടക്കുന്നത്. ഇവിടെ ബി.എസ്.പിയാണ് മത്സരിക്കുന്നത്. 19 എം.എല്‍.എമാര്‍ ഉള്ള ബി.എസ്.പിക്ക് സമാജ് വാദി പാര്‍ട്ടിയുടേയും മറ്റ് ബി.ജെ.പി ഇതരപാര്‍ട്ടികളുടേയും പിന്തുണയുണ്ടെങ്കിലേ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാകൂ എന്ന സാഹചര്യം നിലനില്‍ക്കെ ഒരു ബി.എസ്.പി എം.എല്‍.എയും ഒരു സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും കൂറുമാറി ബി.ജെ.പിക്ക് വോട്ട് ചെയ്തു.

ബി.ജെ.പിക്ക് വോട്ടു ചെയ്‌തെന്ന് ബി.എസ്.പി എം.എല്‍.എ അനില്‍ സിംഗ് പ്രതികരിച്ചു. തന്റെ പിന്തുണ യോഗി ആദിത്യനാഥിനാണെന്നും അനില്‍ സിംഗ് പറഞ്ഞു. 7 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.എസ്.പിക്ക് വോട്ടു ചെയ്തു. അടുത്തിടെ സമാജ് വാദി പാര്‍ട്ടി വിട്ട് ബി.എസ്.പിയില്‍ ചേര്‍ന്ന നരേഷ് അഗര്‍വാളിന്റെ മകന്‍ നിതിന്‍ അഗര്‍വാളാണ് ബി.ജെ.പിക്ക് വേണ്ടി കൂറുമാറി വോട്ടുചെയ്ത മറ്റൊരു എം.എല്‍.എ.

കേരളത്തില്‍ ഒഴിവുള്ള ഏക രാജ്യസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫില്‍ നിന്ന് എംപി വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബി ബാബുപ്രസാദുമാണ് മത്സര രംഗത്ത്. എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉണ്ടെന്നിരിക്കെ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. 71 വോട്ടാണ് ജയിക്കാന്‍ വേണ്ടത്. യുഡിഫിന് 41 പേരുടെ പിന്തുണ മാത്രമെ ഉള്ളു. ആറ് അംഗങ്ങളുള്ള കേരളാ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.