ചെന്നൈ: തമിഴ്നാട്ടിലെ ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ നല്‍കുന്നത് സംബന്ധിച്ച് പ്രതികരണവുമായി തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പില്‍ താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗംഗൈ അമരനുമായി രജനികാന്ത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോ അമരന്റെ മകന് വെങ്കട് പ്രഭു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് രജനികാന്തിന്റെ പിന്തുണ ബിജെപിക്കാണെന്ന തരത്തില്‍ അഭ്യൂഹമുയര്‍ന്നത്. ഇതേതുടര്‍ന്നാണ് രജനികാന്ത് ട്വിറ്ററിലൂടെ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.
താന്‍ ബിജെപിയെ പിന്തുണക്കുന്നുവെന്ന തരത്തില്‍ വെങ്കട് പ്രഭുവിന്റെ ട്വീറ്റ് അടിസ്ഥാനവിരുദ്ധമാണെന്നും താന്‍ ആരെയും പിന്തുണക്കുന്നില്ലെന്നും രജനികാന്ത് പ്രതികരിച്ചു.
രജനിയുടെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി സ്വാധീനിക്കാറുണ്ടെന്നതാണ് പഴയകാല ചരിത്രം വ്യക്തമാക്കുന്നത്. 1996ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി ജയലളിതക്കെതിരെ ആഞ്ഞടിച്ച് താരം രംഗത്തുവന്നിരുന്നു. ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ് ജനതയെ രക്ഷിക്കാനാവില്ലെന്നായിരുന്നു രജനിയുടെ പരാമര്‍ശം. അന്ന് കനത്ത പരാജയമാണ് ജയക്കു ഏറ്റുവാങ്ങേണ്ടി വന്നത്.
ശശികല വിഭാഗത്തിന്റെ എഐഎഡിഎംകെ അമ്മ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ടിടിവി ദിനകരനും ഒപിഎസ് വിഭാഗത്തിന്റെ എഐഎഡിഎംകെ പുരൈട്ചി തലവി അമ്മ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഇ മധുസൂദനനുമാണ് ഗംഗൈ അമരനെതിരെ മത്സരിക്കുന്നത്. സംഗീത സംവിധായകന് ഇളയരാജയുടെ സഹോദരനാണ് ഗംഗൈ അമരന്. ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറും ഇത്തവണ മത്സരരംഗത്തുണ്ട്.
Today our thalaivar @superstarrajini met and wished my dad for his political victory in #RKNagarByElection #happyson #GangaiAmaran pic.twitter.com/K4t3UcU3O1
— venkat prabhu (@vp_offl) March 21, 2017