പൂനവും രജനീകാന്തും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമല്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷയുമായ പൂനം മഹാജന്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചെന്നൈയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രജനീകാന്ത് ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം നടത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. എന്നാല്‍ രജനീകാന്തുമായി പൂനം നടത്തിയത് രാഷ്ട്രീയകൂടിക്കാഴ്ചയല്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി.
കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും പൂനം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. രജനീകാന്തും ഭാര്യ ലതാജിയും താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും എളിമയുള്ള ദമ്പതിമാരാണെന്നും പൂനം ട്വിറ്ററില്‍ കുറിച്ചു.
തന്റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ ഉണ്ടാകുമെന്ന രജനിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് തമിഴ് ജനത. എന്നാല്‍ രാഷ്ട്രീയ പ്രവേശം ഏത് പാര്‍ട്ടിയിലൂടെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും നിലനിന്നിരുന്നു. രജനിക്കു പുറമെ ഉലക നായകന്‍ കമല്‍ ഹാസനും രാഷ്ട്രീയ പ്രവേശം നടത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

SHARE