ചെക്കല്ല, വേണ്ടത് നീതി; രാജ്‌കോട്ടില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ കുടുംബം സര്‍ക്കാര്‍ പണം തിരികെ നല്‍കുന്നു

രാജ്‌കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്‍കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല തങ്ങള്‍ക്ക് ആവശ്യമെന്നും നീതിയാണെന്നും ദളിത് നേതാവും എം.എല്‍.എയുമായി ജിഗ്നേഷ് മേവാനി പ്രഖ്യാപിച്ചു. മുകേഷ് വാനിയയെ കെട്ടിയിട്ട് അടിച്ചുകൊന്ന പ്രതികള്‍ക്കെതിരെ മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നാലുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും മേവാനി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതിന് വഴങ്ങിയില്ലെങ്കില്‍ ചെക്ക് തിരസ്‌കരിക്കുമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.

‘രാജ്‌കോട്ടിലെ ദണ്ഡന കൊലപാതക കേസില്‍ ഇരകള്‍ക്ക് രൂപാണി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെക്ക് മടക്കിനല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ക്ക് എട്ട് ലക്ഷംരൂപയല്ല, നീതിയാണ് വേണ്ടത്. മൂന്നാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും നാലു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യുക. ഇല്ലെങ്കില്‍ ഞങ്ങള്‍ ചെക്ക് തിരികെ നല്‍കും.’ മേവാനി ട്വിറ്ററില്‍ കുറിച്ചു.

ഗുജറാത്തിലെ ഷപാര്‍ വെരാവലില്‍ പാഴ്‌വസ്തുക്കള്‍ പെറുക്കി ഉപജീവനം കഴിച്ചിരുന്ന മുകേഷ് വാനിയയെ അഞ്ചുപേര്‍ ചേര്‍ന്നാണ് അടിച്ചുകൊന്നത്. മര്‍ദനമേറ്റ ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഗുരുതര പരിക്കുണ്ട്. ക്രൂരമായ സംഭവത്തിന്റെ സി.സി.ടി.വി ഫുട്ടേജ് വൈറലായിട്ടുണ്ട്.

റഡാദിയ ഇന്‍ഡസ്ട്രീസിനു സമീപമുള്ള മാലിന്യത്തില്‍ തിരയുന്നതിനിടെ മുകേഷിനെയും ഭാര്യയെയും അമ്മായിയെയും അഞ്ച് തൊഴിലാളികള്‍ മോഷണം ആരോപിച്ച് പിടികൂടുകയും കെട്ടിയിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദണ്ഡുകള്‍ കൊണ്ട് ക്രൂരമായ അടിയേറ്റ മുകേഷിനെ ഭാര്യ ജയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.