ചെന്നൈ: തെന്നിന്ത്യന്‍ സിനിമയിലെ മെഗാതാരം രജനികാന്ത് മെര്‍സല്‍ വിവാദത്തില്‍ ബി.ജെ.പിക്കെതിരെ. മെര്‍സലില്‍ പ്രധാനപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടതെന്നും മെര്‍സല്‍ ടീമിന് അഭിനന്ദനങ്ങള്‍ നേരുന്നതായും രജനി ട്വിറ്ററില്‍ കുറിച്ചു. രാഷ്ട്രീയ പ്രവേശം നടത്താനൊരുങ്ങുന്ന രജനികാന്ത്, ബി.ജെ.പിക്കൊപ്പമായിരിക്കില്ല എന്ന സൂചന നല്‍കുന്നതാണ് ട്വീറ്റ്.
Important topic addressed… Well done !!! Congratulations team #Mersal
— Rajinikanth (@superstarrajini) October 22, 2017
സെപ്തംബറില്‍ സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രശംസ അറിയിച്ച് ട്വീറ്റ് ചെയ്ത രജനികാന്തിന്റെ, കൃത്യം ഒരു മാസത്തിനു ശേഷമാണ് മെര്‍സലിനെ പുകഴ്ത്തിയും ബി.ജെ.പിയെ പരോക്ഷമായി കുറ്റപ്പെടുത്തിയും അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ സര്‍ക്കാറിന്റെ നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍, ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ശിശു മരണങ്ങള് തുടങ്ങിയ കാര്യങ്ങളാണ് വിജയ് നായകനായ മെര്‍സലില്‍ പരാമര്‍ശിക്കുന്നത്. ഇതിനെതിരെ ബി.ജെ.പി രംഗത്തു വന്നതോടെ തമിഴ് ചലച്ചിത്ര ആരാധകര്‍ പ്രകോപിതരാവുകയും സാമൂഹ്യ മാധ്യമങ്ങളില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ പ്രചരണങ്ങള്‍ അഴിച്ചു വിടുകയും ചെയ്തു.
Mersal was certified. Dont re-censor it . Counter criticism with logical response. Dont silence critics. India will shine when it speaks.
— Kamal Haasan (@ikamalhaasan) October 20, 2017
രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ച മറ്റൊരു സൂപ്പര്‍ താരം കമല്‍ ഹാസന് കഴിഞ്ഞ ദിവസം, മെര്‍സലിനെ പിന്തുണച്ചും ബി.ജെ.പിയെ കുറ്റപ്പെടുത്തിയും ട്വീറ്റ് ചെയ്തിരുന്നു. രജനിയും കമലും അടക്കമുള്ള സിനിമാ താരങ്ങള്‍ ഒന്നിച്ചായിരിക്കും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ രജനിയുടെ ട്വീറ്റ്. നേരത്തെ, രജനിയെ തങ്ങളുടെ പക്ഷത്ത് ഉറപ്പിച്ചു നിര്‍ത്താന്‍ ബി.ജെ.പി ശ്രമം നടത്തിയിരുന്നെങ്കിലും കമലിന്റെ ഇടപെടല്‍ കാരണം അത് മുടങ്ങിയിരുന്നു.