ജയ്പൂര്‍: ഓഗസ്റ്റ് 14ന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിന് മുമ്പ് സ്വന്തം എം.എല്‍.എമാരെ സുരക്ഷിതരാക്കി ബി.ജെ.പി. കൂടുമാറ്റം ഭയന്ന് ചില എം.എല്‍.എമാരെ ഗുജറാത്തിലേക്കാണ മാറ്റിയത്. ഗോത്രമേഖലയില്‍ നിന്നുള്ള എം.എല്‍.എമാരെയാണ് ഗുജറാത്തിലെ പോര്‍ബന്തറിലേക്ക് മാറ്റിയത്.
23 എം.എല്‍.എമാരെയാണ് ബി.ജെ.പി രാജസ്ഥാനില്‍നിന്നും ഗുജറാത്തിലേക്ക് ഇതുവരെ മാറ്റിയിട്ടുള്ളത്. ഇവരില്‍ 18 പേര് പോര്‍ബന്തറിലാണ്. കോണ്‍ഗ്രസും മുഖ്യമന്ത്രി അശോക് ഗെലോട്ടും എം.എല്‍.എമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ബി.ജെ.പിയുടെ നീക്കം. ഇത് തടയാന്‍ 40 എം.എല്‍.എമാരെയാണ് മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്.
പൊലീസും കോണ്‍ഗ്രസും സര്‍ക്കാരും തങ്ങളെ നിരന്തരം ഉപദ്രവിക്കുകയാണെന്നും എം.എല്‍.എമാര്‍ ഒരു തീര്‍ത്ഥാടനത്തിന് പോവുകയാണെന്നുമാണ് ശനിയാഴ്ച പോര്‍ബന്തറിലേക്ക് പോയ എം.എല്‍.എമാര്‍ക്കൊപ്പമുള്ള ബി.ജെ.പി എം.എല്‍.എയായ അശോക് ലഹോത്തി പ്രതികരിച്ചത്. ‘ചില ബി.ജെ.പി എം.എല്‍.എമാര്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉപദ്രവത്തിന് ഇരയാക്കപ്പട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അവരൊരു തീര്‍ത്ഥാടനത്തിന് പോവുകയാണ്’- വിമാനത്താവളത്തില്‍നിന്നും പുറത്തിറങ്ങിയ ശേഷം ലഹോത്തി മാധ്യമങ്ങളോട് പറഞ്ഞു.
‘ഉദയ്പൂര്‍ മേഖലയിലെ ഞങ്ങളുടെ എം.എല്‍.എമാരെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. അതു കൊണ്ടാണ് അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നത്’ – ബി.ജെ.പി പ്രസിഡണ്ട് സതീഷ് പൂനിയ പറഞ്ഞു. എം.എല്‍.എമാര്‍ സോംനാഥ് ക്ഷേത്ര സന്ദര്‍ശനത്തിനായാണ് പോയത് എന്നാണ് പൂനിയയുടെ വിശദീകരണം.
എന്നാല്‍ ബി.ജെ.പി ആരോപണം കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊതാസ്ത്ര തള്ളി. സര്‍ക്കാറിന് പേടിയില്ല. കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയുമില്ല. അത് ബി.ജെ.പിയുടെ പണിയാണ്- അദ്ദേഹം പറഞ്ഞു.
ഉയദ്പൂര്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ രാജസ്ഥാനിലെ ആറ് ജില്ലകളില്‍ 28 സീറ്റാണ് ഉള്ളത്. ഇവിടെ 15 ഇടത്ത് ബി.ജെ.പിയാണ് ജയിച്ചത്. കോണ്‍ഗ്രസിന് പത്തു സീറ്റുണ്ട്. ബാക്കി മൂന്നെണ്ണത്തില്‍ രണ്ടെണ്ണം ഭാരതീയ ട്രൈബര്‍ പാര്‍ട്ടിയും ഒരെണ്ണത്തില്‍ സ്വതന്ത്രനുമാണ് ജയിച്ചത്. മൂന്നു എം.എല്‍.എമാരുടെയും പിന്തുണ കോണ്‍ഗ്രസിനാണ്.