കോവിഡ് വ്യാപനം; രാജസ്ഥാന്‍ വീണ്ടും അതിര്‍ത്തികള്‍ അടക്കുന്നു

കോവിഡ് -19 കേസുകള്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍.
സംസ്ഥാനത്ത് കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവ് കണക്കിലെടുത്താണ് അന്തര്‍സംസ്ഥാന പോക്കുവരവുകളില്‍ ഒരാഴ്ചത്തേക്ക് നിയന്ത്രിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇക്കാലയളവില്‍ സാധുവായ പാസുള്ളവരെ മാത്രമേ സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂകയുള്ളുവെന്നും രാജസ്ഥാന്‍ ബുധനാഴ്ച വ്യക്തമാക്കി.

സംസ്ഥാനത്തേക്കുള്ളതും പുറപ്പെടുന്നതുമായ എല്ലാ നീക്കങ്ങളും നിയന്ത്രിക്കപ്പെടും. സംസ്ഥാനത്ത് നിന്ന് ‘നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്’ (എന്‍ഒസി) ഇല്ലാതെ ഒരു വ്യക്തിക്കും സംസ്ഥാനത്ത് പ്രവേശിക്കാനോ പാസില്ലാതെ പോകാനോ കഴിയില്ലെന്ന് ലോ ഓര്‍ഡര്‍ ഉത്തരവില്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ എം.എല്‍ ലെതര്‍ പറഞ്ഞു. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ സമ്പദ്വ്യവസ്ഥ പുനരാരംഭിക്കാനുള്ള ‘അണ്‍ലോക്ക് 1’ പദ്ധതി കേന്ദ്രം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. എന്നാല്‍ അതിനിടെയാണ് സംസ്ഥാന അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് ഒരാഴ്ചത്തേക്ക് സജീവമായി നിലനിര്‍ത്തുമെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും. പാസുകള്‍ ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ട്മാര്‍ക്കും നല്‍കാമെന്നും സംസ്ഥാനത്തേക്കുള്ള തിരിച്ചുവരല്‍, മരണം, ആസ്പത്രി സന്ദര്‍ശനം പോലുള്ള അടിയന്തര കേസുകളില്‍ നിന്ന് മാത്രമേ അനുവദിക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

പഞ്ചാബ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുമായി രാജസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇന്ത്യയിലെ കൊറോണ വൈറസിന്റെ എണ്ണം ഇന്ന് 2,76,583 ആയി ഉയര്‍ന്നിരിക്കയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,985 പുതിയ രോഗികളാണ് രേഖപ്പെടുത്തിയത്. അതേസമയം, പുതിയ 123 കോവിഡ് കേസുകളാണ് രാജസ്ഥാനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ മൊത്തം കേസുകള്‍ 11,300 ആയി. ആകെ 256 പേരാണ് മരിച്ചത്.