കാര്യക്ഷമതയില്ല; രാജസ്ഥാന്‍ റാപ്പിഡ് ടെസ്റ്റ് നിര്‍ത്തിവെച്ചു

ജയ്പൂര്‍: രാജസ്ഥാനില്‍ വൈറസ് വ്യാപന സാധ്യത തിരിച്ചറിയാനുള്ള റാപ്പിഡ് ടെസ്റ്റ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ആരോഗ്യമന്ത്രി രഘു ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപന സാധ്യത തിരിച്ചറിയുന്നതില്‍ റാപ്പിഡ് ടെസ്റ്റിന് കാര്യക്ഷമത കുറവാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പരിശോധനാഫലങ്ങള്‍ തമ്മില്‍ 90 ശതമാനം ബന്ധമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലഭിച്ചത് 5.4 ശതമാനമാണ്. അതിനാല്‍ റാപ്പിഡ് ടെസ്റ്റ് അവസാന പരിഹാരമല്ല. കൊവിഡ് സ്ഥിരീകരിക്കാന്‍ പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.പരിശോധനാഫലങ്ങളില്‍ കാര്യക്ഷമത ലഭിക്കാത്തതിനാല്‍ ടെസ്റ്റ് ഇനി തുടരണോ എന്ന കാര്യത്തില്‍ ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം തേടുമെന്നും രഘു ശര്‍മ്മ വ്യക്തമാക്കി.

അതേസമയം, രോഗനിര്‍ണയത്തിനല്ല, കൊവിഡ് നിരീക്ഷണത്തിനും സാധ്യതയുള്ളവരുടെ പ്രാഥമിക പരിശോധനയ്ക്കുമാണ് റാപ്പിഡ് ടെസ്റ്റ് നടത്തുന്നതെന്ന് ഐ സി എം ആര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊവിഡ് ഭീതി തുടരുന്ന രാജസ്ഥാനില്‍ ഇതുവരെ 1570 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

SHARE