പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാനും; ബിജെപി അംഗങ്ങള്‍ ഇറങ്ങിപ്പോയി

ജയ്പുര്‍: പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍. കേരളത്തിനും പഞ്ചാബിനും പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയിരിക്കുന്നത്.

നിയമസഭയില്‍ ഇന്ന് ഉച്ചയോടെയാണ് പ്രമേയം പാസാക്കിയത്. ഇതില്‍ പ്രതിഷേധിച്ച ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കെതിരെയുള്ള പ്രമേയം കൊണ്ടുവരുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് ഒരു പുനര്‍ചിന്ത വേണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നല്‍കുന്നതാണെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു. അങ്ങനെ ചെയ്യുമ്പോള്‍ അവരെ ആക്രമിക്കുകയും ദേശവിരുദ്ധരായി ചിത്രീകരിക്കുകയുമാണ് ചെയ്യുന്നതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു

നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍ പൗരത്വനിമയഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാര്‍ച്ചും നടന്നിരുന്നു.

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി സര്‍വകക്ഷി യോഗ തീരുമാനമായി സംയുക്ത നീക്കത്തിലൂടെ കേരളമാണ് പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. പിന്നീട് കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബില്‍ നിയമസഭ പ്രമേയം പാസാക്കിയത് കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലും സമാനരീതിയില്‍ പ്രമേയം കൊണ്ടു വരാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സമാനമായി രാജസ്ഥാനിലും പ്രമേയം വരുന്നതോടെ ബിജെപി ഇതര സര്‍ക്കാരുകളുള്ള മറ്റ് സംസ്ഥാനങ്ങളും ഇതേ മാര്‍ഗ്ഗം സ്വീകരിച്ചേക്കും.