ന്യൂട്ടനേക്കാള്‍ ആയിരം വര്‍ഷം മുമ്പ് ഗുരുത്വാകര്‍ഷണം ഇന്ത്യക്കാരന്‍ കണ്ടെത്തി: പുതിയ കണ്ടെത്തലുമായി ബി.ജെ.പി മന്ത്രി

 

ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്‌നാനി പറഞ്ഞു.

‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന്‍ കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം മുന്‍പ് ഇന്ത്യ മനസ്സിലാക്കിയിരുന്നു. ന്യൂട്ടന്റെ പേരിലാണത് അറിയപ്പെടുന്നത്. ആഴത്തില്‍ പരിശോധിച്ചാല്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമന്‍ ന്യൂട്ടന്‍ കണ്ടുപിടിക്കുന്ന ആയിരം വര്‍ഷം മുന്‍പ് ഈ നിയമം കണ്ടെത്തിയതായി കാണാം. എന്തുകൊണ്ടാണിത് നമ്മുടെ വിദ്യാഭ്യാസ പാഠഭാഗമായി ഉള്‍പ്പെടുത്താത്തത്? ഇതെല്ലാം നമ്മുടെ കുട്ടികളെ പഠിപ്പിക്കണം’. മന്ത്രി വസുദേവ് ദേവ്‌നാനി അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം രാജസ്ഥാന്‍ സര്‍വകലാശാലയുടെ സ്ഥാപക ദിനാഘോഷ പരിപാടിയിലാലെ പ്രസംഗത്തിലാണ് ദേവ്‌നാനിയുടെ പുതിയ കണ്ടെത്തല്‍.

അക്ബറാണ് മഹാന്‍ എന്ന തരത്തിലാണ് വര്‍ഷങ്ങളായി രാജസ്ഥാനില്‍ പഠിപ്പിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ അക്ബറുടെ പാഠം മാറ്റി. പകരം മഹാറാണ പ്രതാപിനെ ഉള്‍പ്പെടുത്തി. ഇതുപോലുള്ള മാറ്റങ്ങള്‍ അനിവാര്യമാണ്’ മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ തന്നെ പുറംതള്ളുന്ന മൃഗമാണ് പശുവെന്നും ജലദോഷം, പനി തുടങ്ങിയ അസുഖങ്ങള്‍ക്ക് പശുവിന്റെ അടുത്തുപോയാല്‍ വേഗം ഭേദമാകുമെന്നു മണ്ടന്‍ വാദവുമായി രംഗത്തെത്തിയ നേതാവാണ് ദേവ്‌നാനി.

ന്യൂട്ടന്റെ കാര്യത്തില്‍ ദേവ്‌നാനിയുടെ മുന്‍ഗാമി ഐ.എസ.്ആര്‍.ഒ മുന്‍ചെയര്‍മാന്‍ മാധവന്‍ നായരാണ്. 2015ല്‍ ഡല്‍ഹിയിലെ കോണ്‍ഫറന്‍സില്‍, അഞ്ചാം നൂറ്റാണ്ടിലെ ഗണിതജ്യോതിശാസ്ത്രജ്ഞന്‍ ആര്യഭട്ടന് ഗുരുത്വാകര്‍ഷണത്തെപ്പറ്റി അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 17-ാം നൂറ്റാണ്ടിലാണ് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത്.

സംസ്‌കൃത പ്രഫസറായിരുന്നു ദേവ്‌നാനി ആര്‍.എസ്.എസുമായി ദീര്‍ഘകാലത്തെ അടുപ്പമുള്ളയാളാണ്. അജ്‌മേറില്‍ നിന്നുള്ള നിയമസഭാംഗമായ ഇദ്ദേഹം വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇന്ത്യന്‍ മൂല്യങ്ങളും ഇന്ത്യക്കാരുടെ സംഭാവനകളും ഉള്‍പ്പെടുത്തണമെന്ന് ശക്തിയായി വാദിക്കുന്ന നേതാവാണ്. അതേസമയം ദേവ്‌നാനിയുടെ വാക്കുകളെ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. നേരത്തെ ഗാന്ധിജി, ജവാഹര്‍ലാല്‍ നെഹ്‌റു തുടങ്ങിയവരെ പാഠപുസ്തകത്തില്‍ നിന്നൊഴിവാക്കി രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍പ് വിവാദത്തില്‍പ്പെട്ടിരുന്നു.
ഇതാദ്യമായല്ല ഇത്തരം പുതിയ കണ്ടെത്തലുകളുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തുന്നത്. റൈറ്റ് സഹോദരന്മാരല്ല വിമാനം കണ്ടുപിടിച്ചതെന്നും ഹൈന്ദവ പുരാണങ്ങളില്‍ എത്രയോ മുന്‍പ് ഇതെല്ലാമുണ്ടെന്നും ബിജെപി നേതാവ് സത്യപാല്‍ സിങ് ഇതിനു മുമ്പു അവകാശപ്പെട്ടിരുന്നു. പൗരാണിക കാലത്തുതന്നെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നെന്ന് ഗണപതിയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വാക്കുകളും ചര്‍ച്ചയായി. ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് പാലം നിര്‍മിച്ച ശ്രീരാമന്റെ എന്‍ജിനീയറിങ് പ്രാഗത്ഭ്യമായിരുന്നു രൂപാണി എടുത്തുകാട്ടിയത്. എന്‍ജിനീയറിങ്ങിന്റെ പിതാവാണ് രാമനെന്നാണ് അന്ന് രൂപാണി അവകാശപ്പെട്ടത്.

SHARE