കേന്ദ്രം ഫണ്ട് നിഷേധിച്ചു; മദ്രസകള്‍ക്ക് 188 കോടി അനുവദിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: രാജസ്ഥാനില്‍ മദ്രസകള്‍ക്ക് വന്‍ധനസഹായവുമായി അശോക് ഗെഹലോട്ട് സര്‍ക്കാര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മദ്രസകള്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണ് ഗെഹലോട്ട് സര്‍ക്കാര്‍ മദ്രസകള്‍ക്ക് 188 ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചത്. മദ്രസാവിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ സൗകര്യങ്ങള്‍ ഇതിലൂടെ ഒരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാകാത്തതിനെ തുടര്‍ന്ന് രാജസ്ഥാനിലെ 3240 മദ്രസകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ഗെഹലോട്ട് സര്‍ക്കാര്‍ സഹായ പ്രഖ്യാപനം നടത്തിയത്. മദ്രസാ നവീകരണ പദ്ധതി പ്രകാരമാണ് മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ഫണ്ട് അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നത് അടക്കമുള്ള നവീകരണ പദ്ധതികള്‍ക്കു വേണ്ടിയാണ് പണം ഉപയോഗിക്കേണ്ടത്.
മദ്രസ ബോര്‍ഡിനു കീഴിലുള്ള പ്രൈമറി ലെവല്‍ മദ്രസകള്‍ക്ക് അയ്യായിരവും അപ്പര്‍ പ്രൈമറി ലെവല്‍ മദ്രസകള്‍ക്ക് പന്ത്രണ്ടായിരവും രൂപവീതമാണ് രാജസ്ഥാന്‍ സ്‌കൂള്‍ എജുക്കേഷന്‍ കൗണ്‍സില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ നല്‍കിപ്പോന്നിരുന്നത്. എന്നാല്‍, കാരണം വ്യക്തമാക്കാതെ കേന്ദ്രസര്‍ക്കാര്‍ ഇത് നിര്‍ത്തുകയായിരുന്നു. തടഞ്ഞുവെച്ച ഫണ്ടുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഗെഹലോട്ട് കേന്ദ്ര സര്‍ക്കാറിന് കത്തയച്ചിരുന്നു. രാജസ്ഥാനിലെ മദ്രസകള്‍ക്ക് ഫണ്ട് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം ഒരുവിഭാഗത്തെ തൃപ്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണന്ന് അശോക് ഗെഹലോട്ട് ആരോപിച്ചിരുന്നു. സര്‍ക്കാറിന്റെ തീരുമാനം അഭിനന്ദനീയമാണെന്ന് രാജസ്ഥാന്‍ ന്യൂനപക്ഷകാര്യമന്ത്രി സാലിഹ് മുഹമ്മദ് പറഞ്ഞു.

SHARE