ചെന്നൈ: കൊറോണയെക്കുറിച്ച് തെറ്റായ സന്ദേശം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് നടന്‍ രജനികാന്ത് ട്വീറ്റ് ചെയ്ത വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്തു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്തുണയര്‍പ്പിച്ചുള്ള രജനിയുടെ വീഡിയോയാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. വീഡിയോയില്‍ കൊറോണവൈറസിനെ കുറിച്ച് വസ്തുതാപരമായ തെറ്റുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം ചെയ്തത്.
വൈറസ് പടരുന്നത് തടയാന്‍ 14 മണിക്കൂര്‍ സാമൂഹിക അകലം പാലിക്കേണ്ടതുണ്ടെന്നാണ് രജനികാന്ത് പറയുന്നത്. വസ്തുതാപരമായി ഈ വിവരം തെറ്റാണ്, തെറ്റായ വിവരം സംബന്ധിച്ച ട്വിറ്ററിന്റെ നിയമം ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് രജനിയുടെ വീഡിയോ നീക്കം ചെയ്തത്.
കമ്മ്യൂണിറ്റി വ്യാപനം തടയുന്നതിന് 12 മുതല്‍ 14 മണിക്കൂര്‍ വരെ വൈറസ്സിനെ പൂര്‍ണ്ണമായും തടയേണ്ടതുണ്ടെന്നും രജനി വീഡിയോയില്‍ പറഞ്ഞിരുന്നു. എന്നാല്‍ രോഗബാധിതനായ ഒരു വ്യക്തിയുടെ തുമ്മലിനെ തുടര്‍ന്നുണ്ടാകുന്ന അണുബാധ ഉപരിതലത്തില്‍ ദിവസങ്ങളോളം നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഞായറാഴ്ച രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ വീടുകളില്‍ തന്നെ ഇരിക്കണമെന്നും രജനികാന്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതിന് ശേഷം ഇട്ട വീഡിയോ ആണ് നീക്കം ചെയ്തിരിക്കുന്നത്.
കൊവിഡ് 19 രോഗ വ്യാപനം ഇന്ത്യയില്‍ രണ്ടാം ഘട്ടത്തിലാണ് നില്‍ക്കുന്നത്. മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത് തടയാന്‍ ജനങ്ങള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.