കോവിഡ് ഫണ്ടുമായി ബന്ധപ്പെട്ട തര്‍ക്കം; രജനി ആരാധകന്‍ വിജയ് ആരാധകനെ കൊലപ്പെടുത്തി


ചെന്നൈ: താരങ്ങള്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭവനയെ കുറിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. വിജയ് ആരാധകനായ 22 കാരനാണ് രജനീകാന്ത് ആരാധകന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട ദിനേശ് ബാബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ മാരക്കാണത്താണ് സംഭവം.

കൊല്ലപ്പെട്ട യുവരാജും അറസ്റ്റലായ ദിനേശും അയല്‍വാസികളും സുഹൃത്തുക്കളുമാണെന്നാണ് പൊലീസ് പറയുന്നത്. തങ്ങളുടെ ഇഷ്ടതാരങ്ങള്‍ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ സംഭാവനയെച്ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും വലിയ തുക സംഭാവന ചെയ്തത് വിജയ് ആണെന്ന് ആണെന്നായിരുന്നു യുവരാജിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ദിനേശ് തയാറായില്ലെന്നും പൊലീസ് പറയുന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.