രാജമലയില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നല്‍കണമെന്ന് രമേശ് ചെന്നിത്തല


വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും രാജമലയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം മാത്രവും നല്‍കുന്നതിനെ നിരവധി പേര്‍ ചോദ്യം ചെയ്തിരുന്നു

ഇടുക്കി രാജമലയിലെ മണ്ണിടിച്ചിലില്‍ മരണപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും രാജമലയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം മാത്രവും നല്‍കുന്നതിനെ ചോദ്യം ചെയ്ത് നിരവധി പേര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്തുവന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിലെ അനീതി ഉന്നയിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് നിരവധി പേര്‍ വിമര്‍ശനമുന്നയിച്ചത്.

രാജമലയിലെ അപകടത്തില്‍ ഇത് വരെ 26 പേര്‍ മരണപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. മരണപ്പെട്ടവരില്‍ മൂന്ന് പേരെ ഇത് വരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. 78 പേരാണ് ദുരന്തത്തില്‍പ്പെട്ടിരിക്കുന്നതെന്നും 12 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കും

SHARE