പ്രമേയ അവതരണവേളയില്‍ നിയമസഭയില്‍ രാജഗോപാലിന് സംഭവിച്ച അമളി

വിവിധ പ്രമേയങ്ങള്‍ അവതരിപ്പിക്കാന്‍ വിളിച്ചുചേര്‍ത്ത കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ഏക ബിജെപി എംഎല്‍എയായ ഒ രാജഗോപാലിന് അമളി പറ്റി. സഭാ നടപടികളില്‍ ആദ്യം തന്നെ പ്രതിഷേധിച്ചതാണ് അദ്ദേഹത്തിന് വിനയായത്.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സഭാ നടപടികള്‍ ആരംഭിച്ചപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചു. ഈ ഘട്ടത്തില്‍ എതിര്‍പ്പുമായി രാജഗോപാല്‍ എഴുന്നേല്‍ക്കുകയായിരുന്നു.

‘പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍, ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്നതാണ് എന്റെ അഭിപ്രായം,’ എന്ന് ഒ രാജഗോപാല്‍ പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ സ്റ്റാറ്റിയൂട്ടറി പ്രമേയം അവതരിപ്പിക്കാനായിരുന്നു മുഖ്യമന്ത്രിയെ ക്ഷണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന ധാരണയാണ് ബിജെപി അംഗത്തിന് അബദ്ധം സംഭവിക്കാന്‍ കാരണം.

SHARE