ഇന്ന് മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ; ശനിയാഴ്ച അതിതീവ്രം

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തില്‍ അതിതീവ്രമഴയ്ക്ക് സാധ്യത. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്ന് കൂടുതല്‍ ശക്തമാകും. ഇതോടെ മഴയും ശക്തി പ്രാപിക്കും. അഞ്ച് വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും ഇന്നും ഓറഞ്ച് അലര്‍ട്ടുണ്ട്.

കനത്ത മഴയില്‍ 33 കെവി ലൈനിന്റെ ടവര്‍ കടപുഴകിയതോടെ അട്ടപ്പാടി ഇരുട്ടിലായി. മഴ കനത്തതോടെ പലയിത്തും െചറു അണക്കെട്ടുകള്‍ തുറന്നു. ട്രോളിങ് നിരോധനത്തിനുശേഷം വെള്ളിയാഴ്ച മുതലേ മീന്‍പിടിക്കാന്‍ അനുമതിയുള്ളൂ. ഇടുക്കി, മലപ്പുറം, കോഴിക്കോട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗമുള്ള കാറ്റുണ്ടാകാം. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്. ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യബന്ധനത്തിനുളള അനുമതി വെള്ളിയാഴ്ച മുതലാകും നടപ്പിലാകുക. മുതിരപ്പുഴയാര്‍, പെരിയാര്‍ നദീതീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. തിരുവനന്തപുരത്തെ അരുവിക്കര, പേപ്പാറ ഡാമുകളും തുറന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഒരു ഷട്ടര്‍കൂടി ഉയര്‍ത്തി. ഡാമിന്റെ രണ്ടു ഷട്ടറുകളാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് തുറന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം.

വയനാട് ജില്ലയിലും തമിഴ്‌നാട്ടില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലയിലും കനത്ത മഴ ലഭിച്ചു. ചാലിയാറില്‍ ജലനിരപ്പ് ഉയര്‍ന്നേക്കും. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. മലപ്പുറം കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ തൂതപ്പുഴയുടെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി.

SHARE