എറണാകുളത്ത് മഴ കുറഞ്ഞു; ഗതാഗതം പുനഃസ്ഥാപിച്ചു

കൊച്ചി നഗരത്തില്‍ മഴ കുറഞ്ഞു. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷന്‍ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാല്‍ ഓട്ടോമാറ്റിക് സിഗ്നല്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ വൈകും. സംസ്ഥാനത്ത് നാളെ അഞ്ചു ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടുണ്ട്.

ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.