രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്; രണ്ടു വിക്കറ്റ് പോയി

ലണ്ടന്‍: മഴ കാരണം ഒന്നാം ദിനം നഷ്ടമായ ഇംഗ്ലണ്ട് – ഇന്ത്യ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഴ കാരണം ഏഴാം ഓവറില്‍ കളി നിര്‍ത്തിവെക്കുമ്പോള്‍ രണ്ടിന് 11 എന്ന നിലയിലാണ് ഇന്ത്യ. മുരളി വിജയ് (0), ലോകേഷ് രാഹുല്‍ (8) എന്നിവര്‍ പുറത്തായി. വിരാത് കോലിയും (1) ചേതേശ്വര്‍ പുജാരയും (1) ആണ് ക്രീസില്‍.

ജെയിംസ് ആന്റേഴ്‌സണ്‍ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ മുരളി വിജയ് (0) ആണ് ആദ്യം പുറത്തായത്. സ്വിങ് ചെയ്ത പന്തില്‍ സ്റ്റംപ് തെറിച്ചാണ് വിജയ് പുറത്തായത്. രണ്ട് ബൗണ്ടറികളുമായി ആത്മവിശ്വാസം സംഭരിക്കുകയായിരുന്ന ലോകേഷ് രാഹുലും ആന്റേഴ്‌സന്റെ പന്തില്‍ തന്നെ മടങ്ങി. ഏഴാം ഓവറിലെ ആദ്യപന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കിയാണ് ഓപണര്‍ മടങ്ങിയത്.

രണ്ടു പന്തിനു ശേഷം മഴയെത്തിയതോടെ കളി വീണ്ടും നിര്‍ത്തിവെച്ചു. മഴ പെയ്യുമെന്ന് കാലാവസ്ഥാ പ്രവചനമുള്ളതിനാല്‍ ഇന്ന് കളി തടസ്സമില്ലാതെ നടക്കാന്‍ ഇടയില്ല.

ബര്‍മിങ്ങാമില്‍ തോറ്റ ആദ്യ ടെസ്റ്റിലെ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പുജാരയും ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവും ടീമിലെത്തി. ഇംഗ്ലണ്ട് നിരയില്‍ ബെന്‍ സ്റ്റോക്‌സിനു പകരം ക്രിസ് വോക്‌സ് ഇടംനേടി.