ന്യൂഡല്‍ഹി: ഷ്രാമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് പുറമെ ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. നോണ്‍ എ.സി തീവണ്ടികളായിരിക്കും ഇത്. സാധാരണ സര്‍വീസുകള്‍ ക്രമേണ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികം തീവണ്ടികള്‍ ഓടിക്കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ മന്ത്രാലയം അറിയിച്ചു. നോണ്‍ എസി സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകളാവു സര്‍വീസ് നടത്തുക. നിലവില്‍ 15 എ.സി യാത്ര തീവണ്ടികളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്.
പുതിയ യാത്രാ ട്രെയിനുകളില്‍ യാത്രചെയ്യാന്‍ ഐആര്‍സിടിസി വെബ്സൈറ്റ് വഴിയോ അപ്ലിക്കേഷന്‍ വഴിയോയുള്ള ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കൂ. റെയില്‍വേ സ്റ്റേഷനുകളിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ തുറക്കാന്‍ ഇനിയും തീരുമാനമായിട്ടില്ല. കൂടാതെ പ്ലാറ്റ്‌ഫോം ടിക്കറ്റുകളും നല്‍കില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും ഷെഡ്യൂള്‍ ഉടന്‍ പുറത്തിറക്കുമെന്നും റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
കുടുങ്ങിയ കുടിയേറ്റക്കാരെ സംസ്ഥാനങ്ങളിലുടനീളം കൊണ്ടുപോകുന്നത് വേഗത്തിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതെന്നാണ് വിവരം. ചെറിയ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദീര്‍ഘദൂര ട്രെയിനുകളായിരിക്കുമിതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. കുടുങ്ങികിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഉടനടി സംസ്ഥാന സര്‍ക്കാരുകള്‍ രജിസ്റ്റര്‍ ചെയ്യിക്കണം. ഇതിന്റെ വിവരങ്ങള്‍ റെയില്‍വേക്ക് കൈമാറുകയും വേണമെന്ന് റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ആവശ്യമാണെങ്കില്‍ 200 സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നത് എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി
കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രത്യേക ഷ്രാമിക് ട്രെയിനുകള്‍ ഓടിക്കുന്നതിനൊപ്പമാണ് പുതിയ ട്രെയിനുകളും വരുന്നത്. പ്രതിദിനം 400 ഓളം ഷ്രാമിക് ട്രെയിനുകള്‍ ഓടിക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.