റെയില്‍വേ സ്വകാര്യവത്കരണ നയത്തിനെതിരെ പ്രതിഷേധം; മുസ്‌ലിംലീഗ് റെയില്‍വേ ബോര്‍ഡിന് കത്തയച്ചു


ന്യൂഡല്‍ഹി: റെയില്‍വെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു. റെയില്‍വെ സ്വകാര്യവല്‍ക്കരണം അതിന്റെ സങ്കല്‍പത്തില്‍ തന്നെ തെറ്റാണെന്നും വിനാശകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമെന്ന ഖ്യാതിയുള്ള ഇന്ത്യന്‍ റെയില്‍വെ രാജ്യത്തിന്റെ അഭിമാനമാണെന്നും ഈ തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കരസേനയും നാവികസേനയുമൊക്കെ സ്വകാര്യവല്‍ക്കരിക്കുന്നത് നമുക്ക് ഊഹിക്കാന്‍ പോലും കഴിയില്ല. ഇന്ത്യന്‍ റെയില്‍വെയും ആ ഗണത്തില്‍ ഉള്‍പ്പെടുത്തണം. സൗകര്യം വര്‍ധിപ്പിക്കാന്‍ സ്വകാര്യ മേഖലയെ ഏല്‍പിക്കുന്നത് എന്തിനാണ്? സ്വകാര്യവല്‍ക്കരണത്തിനു പകരം സൗകര്യം വര്‍ധിപ്പിക്കുന്നതിന് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഒരു പ്രത്യേക വകുപ്പ് സ്ഥാപിക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ചിന്തിക്കുന്നില്ല? -അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാന്‍ ഒരുമ്പെടുന്നതിനു മുമ്പ് ആയിരം വട്ടം ചിന്തിക്കണമെന്നും പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

SHARE