താങ്കളായിരുന്നു പ്രധാനമന്ത്രിയെങ്കില്‍ നോട്ട് നിരോധനം എങ്ങനെ നടപ്പാക്കുമായിരുന്നു? രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി വൈറലാകുന്നു

ക്വാലാലംപൂര്‍: ‘താങ്കളായിരുന്നു പ്രധാനമന്ത്രി എങ്കില്‍ നോട്ട് നിരോധനം എങ്ങനെ വ്യത്യസ്തമായി നടപ്പിലാക്കുമായിരുന്നു?’ – മലേഷ്യാ സന്ദര്‍ശനത്തിനിടെ തനിക്കു നേരെ ഉയര്‍ന്ന ഈ ചോദ്യത്തെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരിട്ട രീതി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഒരു പൊതു പരിപാടിക്കിടെയാണ് സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കിയത്.

‘ഡീമോണിറ്റൈസേഷന്‍ (നോട്ട് നിരോധനം) എങ്ങനെയാവും ഞാന്‍ വ്യത്യസ്തമായി കൈകാര്യം ചെയ്യുക എന്നല്ലേ ചോദ്യം? ഞാനാണ് പ്രധാനമന്ത്രി എന്നു സങ്കല്‍പിക്കുക. അപ്പോള്‍ ഒരാള്‍ ഡീമോണിറ്റൈസേഷന്‍ എന്നെഴുതിയ ഫയല്‍ എനിക്കു നല്‍കുന്നു. ഞാനപ്പോള്‍ തന്നെ അത് ചവറ്റു കുട്ടയിലെറിയും. ചവറ്റു കുട്ടയിലും പിന്നെ മാലിന്യക്കൂനയിലുമായിരിക്കും അതിന്റെ സ്ഥാനം. അങ്ങനെയാവും ഞാന്‍ നോട്ട് നിരോധനം കൈകാര്യം ചെയ്യുക…’

നിറഞ്ഞ കൈയടിയോടെയാണ് ഈ മറുപടിയെ സദസ്സ് സ്വീകരിച്ചത്.

2016 നവംബര്‍ എട്ടിന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ചത് രാജ്യത്ത് വന്‍ പ്രതിസന്ധിയാണുണ്ടാക്കിയത്. കള്ളപ്പണം തടയാനെന്ന പേരില്‍ നടത്തിയ ഈ നീക്കം വന്‍ പരാജയമായി കലാശിക്കുകയാണുണ്ടായി. നിരോധിച്ച നോട്ടുകള്‍ 99 ശതമാനവും ബാങ്കുകള്‍ വഴി തിരിച്ചെത്തി എന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. തിരിച്ചെത്തിയ നോട്ടുകള്‍ ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത്.

കോടിക്കണക്കിനാളുകള്‍ക്ക് തൊഴിലും നൂറിലേറെ പേര്‍ക്ക് ജീവനും നഷ്ടപ്പെടുത്തിയ നോട്ട് നിരോധനം, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും സാരമായി ബാധിച്ചു.