ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
സാമ്പത്തിക സഹായ പാക്കേജുമായുള്ള സര്‍ക്കാര്‍ പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യപടിയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
നിലവിലുള്ള രാജ്യം അനുഭവിക്കുന്ന ലോക്ക്ഡൗണില്‍ കര്‍ഷകര്‍, ദിവസവേതനക്കാര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ എന്നിവരോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നതായും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ആരും പട്ടിണി കിടക്കേണ്ടി വരരുതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പാക്കേജ് പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞത്.
അതേസമയം, കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി തന്റെ മണ്ഡലമായ വയനാടില്‍ രാഹുല്‍ ഗാന്ധി എം.പി 2.70 കോടി രൂപ അനുവദിച്ചു. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തങ്ങളുടെ ഭാഗമായി മലപ്പുറം ,കോഴിക്കോട് ,വയനാട് ജില്ലകളിലെ വിവിധ ആസ്പത്രികളില്‍ വെന്റിലേറ്റര്‍ , ഐസിയു, അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് രാഹുല്‍ ഗാന്ധി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് 270.60 ലക്ഷം രൂപ അനുവദിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, കോഴിക്കോട് ജില്ലാ കളക്ടര്‍ ശ്രീറാംസാംബശിവ റാവു, വയനാട് ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള എന്നിവരുമായി ഫോണില്‍ സംസാരിച്ചിരുന്നതായി
കോണ്‍ഗ്രസ് നേതാവ് അനില്‍കുമാര്‍ എം.എല്‍.എ അറിയിച്ചു .
തുടര്‍ന്ന് ആദ്യഘട്ട സഹായമെന്നോണം 50 തെര്‍മല്‍ സ്കാനര്‍ , ഇരുപതിനായിരം മാസ്ക് , ആയിരം ലിറ്റര്‍ സാനിറ്ററേസര്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ഭരണ കൂടങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി കൈമാറിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമെന്നോണമാണ് എം.പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് , മഞ്ചേരി മെഡിക്കല്‍ കോളേജ് , മാനന്തവാടി ജില്ലാ ആസ്പത്രി എന്നിവിടങ്ങളില്‍ കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ഫണ്ട് വകയിരുത്തിയത് .കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്റര്‍ ,ഐസിയു , അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് 25 ലക്ഷം, മഞ്ചേരി മെഡിക്കല്‍ കോളേജിനായി 145.60 ലക്ഷം ,വയനാട് ജില്ലാ ആസ്പത്രിക്കായി 100 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്. ഇവകൂടാതെ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ അംഗം ഡോക്ടര്‍ ആമീ യാജ്നിക്ക് തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വെന്റിലേറ്ററും , അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് 25 ലക്ഷം രൂപ കൂടി അനുവദിച്ചതായി അനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
അതേസമയം, രാജ്യത്തെ കൊറോണ വൈറസ് പിടിമുറുക്കുമ്പോള്‍ ഇന്ത്യയിലുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ ഇരുമുഖ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 2019 പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ന്യായ് പദ്ധതിപോലെ പാവപ്പെട്ടവരെ സഹായിക്കുന്ന സാമ്പത്തിക പദ്ധതി നടപ്പിലാക്കുക എന്നാതായിരുന്നു രാഹുലിന്റെ ആദ്യ നിര്‍ദ്ദേശം. എന്നാല്‍ വൈറസുമായുള്ള ഈ യുദ്ധത്തില്‍ നാശനഷ്ടങ്ങള്‍ എങ്ങനെ കുറയ്ക്കാനായി ഐസൊലേഷന്‍, പരിശോധനാ സൗകര്യങ്ങള്‍ തുടങ്ങിയവയുടെ വിപുലീകരണമാണെന്നും രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യം നേരിടാന്‍ പോകുന്നാ കൊറോണ സുനാമിയെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി മുതല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധി മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.