കോവിഡ് 19; വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കായി തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കി രാഹുല്‍ ഗാന്ധി

കോഴിക്കോട്: കോവിഡ് -19 ന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ ഫലപ്രദമായി തിരിച്ചറിയാന്‍ സഹായിക്കുന്നതിനായി ശരീര താപനില അളക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ തന്റെ മണ്ഡലമായ വയനാടിന് നല്‍കി കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി.

രാഹുല്‍ ഗാന്ധി സ്വന്തം നിലക്ക് എത്തിച്ച 50 സ്‌കാനറുകളില്‍ 30 എണ്ണം വയനാടിനും 10 സ്‌കാനറുകള്‍ വീതം കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്കും വേണ്ടിയാണ് നല്‍കുക.

അതേസമയം, വയനാട് മണ്ഡലത്തില്‍ മുന്‍കരുതലൊരുക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ ചര്‍ച്ചയായി.
രാഹുല്‍ മണ്ഡലത്തിലേക്കായി തെര്‍മല്‍ സ്‌കാനറുകള്‍ നല്‍കുമ്പോള്‍ സ്മൃതി ഇറാനി ട്വിറ്ററില്‍ അന്തക്ഷാരി കളിക്കുകയാണെന്നാണ് വിമര്‍ശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ പ്രമാണിച്ചി സ്മൃതി ഇറാനി തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് അളുകളെ ക്ഷണിച്ച് കളിച്ച വാര്‍ത്ത വിവാദമായിരുന്നു.

നേരത്തെ നിര്‍ഭയ വിഷയത്തിലും രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടല്‍ ചര്‍ച്ചയായിരുന്നു. ഏഴുവര്‍ഷം നീണ്ട കാലശേഷം നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയ സംഭവത്തില്‍, നീതിക്കുവേണ്ടി നടത്തിയ പോരാട്ടത്തില്‍ തങ്ങളെ സഹായിച്ചതായി നിര്‍ഭയയുടെ മാതാപിതാക്കള്‍ പറഞ്ഞ പേരും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെതായിരുന്നു.

തന്റെ മകള്‍ ഇരയായ ആ അതിനീചമായ സംഭവത്തിന് ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിസ്വാര്‍ത്ഥ സ്നേഹവും, കരുതലും, സഹായവും അനുഭവിച്ചതിലാണ് നിര്‍ഭയയുടെ അച്ഛന് വാചാലനായത്. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ആ അതിഭീകരമായ അവസ്ഥയിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോള്‍ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി മാത്രമാണെന്നും പിതാവ് പറഞ്ഞിരുന്നു.

രാഹുല്‍ ഗാന്ധി എത്തിച്ച 50 സ്‌കാനറുകള്‍ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി എംഎല്‍എ ബാലകൃഷ്ണന്‍ വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ലയ്ക്ക് കൈമാറുന്നു

രാഹുല്‍ ഗാന്ധി എത്തിച്ച 50 സ്‌കാനറുകള്‍ വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി. എംഎല്‍എ ബാലകൃഷ്ണന്‍ ശനിയാഴ്ച വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുല്ലയ്ക്ക് കൈമാറി. ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വരും ദിവസങ്ങളില്‍ എംപി തന്റെ മണ്ഡലത്തിനായി നല്‍കുമെന്നും ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം, കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്‌ വയനാട് ജില്ലാ ഭരണകൂടം. ക്വാറന്റെയ്ന്‍ ലംഘിക്കുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും. നിരീക്ഷണം ശക്തമാക്കാന്‍ ജിയോ ഫെന്‍സിംഗ് ഏര്‍പ്പെടുത്തി. ജാഗ്രത തുടരണമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. അതിര്‍ത്തി പരിശോധന തമിഴ്‌നാടും കര്‍ണാടകയും ശക്തമാക്കി.

വയനാട് ജില്ലയിലെ കോവിഡ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 912 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.