ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നാന പടോലെക്ക് രാഹുല്‍ ഗാന്ധിയുടെ സ്വീകരണം

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് നാനാ പടോലെക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വീകരണം നല്‍കി. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ പടോലെക്ക് ബൊക്ക നല്‍കിയ രാഹുല്‍ അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.


മഹാരാഷ്ട്രയിലെ ഭണ്ഡാര – ഗോണ്ഡിയ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്ന നാന ഫല്‍ഗുണറാവു പടോലെ ഡിസംബറിലാണ് കോണ്‍ഗ്രസില്‍ ചേരുന്ന കാര്യം പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര മധ്യപ്രദേശ് അധ്യക്ഷന്‍ അശോക് ചവാനും സംസ്ഥാന പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ പാട്ടീലിനുമൊപ്പം അദ്ദേഹം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു.

കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളില്‍ മനംമടുത്താണ് രാജി എന്നും രാജ്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്ന് താന്‍ തിരിച്ചറിഞ്ഞതായും പടോലെ പറഞ്ഞു.

താന്‍ രാജിവെച്ച ഭണ്ഡാര – ഗോണ്ഡിയയില്‍ ബി.ജെ.പി പ്രമുഖരെ നിര്‍ത്തുകയാണെങ്കില്‍ താന്‍ അവരുമായി മത്സരിക്കുമെന്നും പ്രമുഖര്‍ മത്സരിക്കുന്നില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും അവസരം നല്‍കുമെന്നും പടോലെ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബി.ജെ.പി മത്സരിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെയും ബി.ജെ.പി പിന്തുണയോടെ എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍ മത്സരിക്കുകയാണെങ്കില്‍ അദ്ദേഹത്തിനെതിരെയും മത്സരിക്കും. ഇവര്‍ രണ്ടു പേരുമല്ലെങ്കില്‍ തന്റെ അനുയായികളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കും – പടോലെ പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രഫുല്‍ പട്ടേലിനെ ഒന്നര ലക്ഷത്തോളം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ‘നാനാഭാവു’ എന്നറിയപ്പെടുന്ന നാനാ പടോലെ ശ്രദ്ധാ കേന്ദ്രമായത്. 54-കാരനായ അദ്ദേഹം ഭണ്ഡാര മേഖലയില്‍ നിരവധി അനുയായികളുള്ള നേതാവാണ്.