ഏതെങ്കിലും ഒന്ന് പറയൂ… അതിര്‍ത്തി പ്രതിസന്ധിയില്‍ ബി.ജെ.പിയെ രൂക്ഷമായി വമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരില്‍ ഭരണം നടത്തുന്ന ബി.ജെ.പി – പി.ഡി.പി സഖ്യം പാകിസ്താന്‍ വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാകിസ്താനുമായി ചര്‍ച്ച വേണമെന്ന് പി.ഡി.പി പറയുമ്പോള്‍ പകരം വീട്ടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും മോദി സംഭ്രാന്തിയിലാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

1. പി.ഡി.പി പറയുന്നു പാകിസ്താനുമായി ചര്‍ച്ച വേണമെന്ന്. 2. ബി.ജെ.പി പ്രതിരോധ മന്ത്രി പറയുന്നു ‘പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്ന്’. അവസരവാദ സഖ്യത്തിനും നിലവിലില്ലാത്ത കശ്മീര്‍ നയത്തിനും
നമ്മുടെ പട്ടാളക്കാര്‍ ചോര കൊണ്ട് വില നല്‍കുമ്പോള്‍ മോദി സംഭ്രാന്തിയിലാണ്. രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

അതിര്‍ത്തിയില്‍ പാക് നുഴഞ്ഞു കയറ്റവും കശ്മീരിലെ തീവ്രവാദി ആക്രമണങ്ങളും സൈന്യത്തിന് തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് പി.ഡി.പിയും ബി.ജെ.പിയും രണ്ടു തട്ടില്‍ നില്‍ക്കുന്നത്. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യ പാകിസ്താനുമായി ചര്‍ച്ച നടത്തണമെന്നാണ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞത്. ചര്‍ച്ചയല്ലാതെ പ്രശ്‌നത്തിന് പരിഹാരമില്ലെന്നും ജവാന്മാരെയും സിവിലിയന്മാരെയും എത്രകാലം മരിക്കാന്‍ അനുവദിക്കുമെന്നും അവര്‍ ചോദിച്ചു.

അതേസമയം, ശക്തമായ ഭാഷയിലായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രതികരണം. അതിര്‍ത്തി കടന്നുള്ള ആക്രമണമാണ് കശ്മീരില്‍ നടക്കുന്നതെന്നും തീവ്രവാദികളെക്കുറിച്ചുള്ള തെളിവുകള്‍ നിരവധി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പാകിസ്താന്‍ തയ്യാറാവുന്നില്ലെന്നും ഇനിയും ഈ നില തുടര്‍ന്നാല്‍ പാകിസ്താന്‍ വലിയ വില നല്‍കേണ്ടി വരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. എന്നാല്‍, പാകിസ്താനെതിരെ ശക്തമായ നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നടത്തിയിട്ടില്ല.