സംഘടനാ ചുമതലകളില്‍ വീണ്ടും രാഹുല്‍ ഗാന്ധി; സംസ്ഥാനങ്ങളില്‍ യോഗം വിളിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നേതൃയോഗവും നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ നേരത്തെ അറിയിക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

അധ്യക്ഷ സ്ഥാനത്തേക്ക് മറ്റൊരാളെ കണ്ടെത്താന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. രാഹുല്‍ തന്നെ തുടരണമെന്നായിരുന്നു ഭൂരിപക്ഷം പേരുടെയും ആവശ്യം. ഇതോടെ രാഹുല്‍ സംഘടനാ കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങുകയാണ്. വ്യാഴാഴ്ച മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അദ്ദേഹം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഹരിയാന, ദില്ലി ഘടകങ്ങളുടെ യോഗവും ചേരും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യം വെച്ചാണ് യോഗങ്ങള്‍ ചേരുന്നത്. നിര്‍വ്വാഹകസമിതിയും, നേതൃയോഗങ്ങളും ചേരാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയ രാഹുല്‍ പിന്നാലെ ദില്ലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗവും ചേരും. കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇനിയും തുടരണമെന്ന് ഈ യോഗത്തില്‍ നേതൃത്വം രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടേക്കും.

യു.പിയിലെ എല്ലാ ഡി.സി.സികളും പിരിച്ചുവിടാന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. കര്‍ണാടകയില്‍ കെ.പി.സി.സി അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ നിലനിര്‍ത്തി പിസിസി അംഗങ്ങളേയും പിരിച്ചുവിട്ടിരുന്നു. ഈ തീരുമാനങ്ങള്‍ക്ക് പിന്നിലും രാഹുലാണ്. പ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളെ രാഹുല്‍ പ്രത്യേകം കണ്ടേക്കുമെന്നും സൂചനയുണ്ട്.

SHARE