ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് പര്‍വേശ് വര്‍മ്മ എം.പി. മൂന്നു പേരും രാജ്യത്ത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ് എന്നും കോവിഡ് തീരും വരെ ഈ വൈറസുകളെ ക്വാറന്റൈന്‍ ചെയ്യണം എന്നും വര്‍മ്മ ആവശ്യപ്പെട്ടു.
‘ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ രാജ്യത്തെ ജനങ്ങള്‍ നമ്മുടെ പ്രധാനമന്ത്രിയെ പിന്തുണച്ചു കൊണ്ടിരിക്കുകയാണ്. വ്യാപാരത്തിലുള്ള നഷ്ടവും മറ്റും സഹിച്ച് രണ്ടു മാസമായി അവര്‍ വീടുകളില്‍ ഇരിക്കുന്നു. ഇതൊരു അടിയന്തര ഘട്ടമാണ്. എന്നാല്‍ അമ്പത് വര്‍ഷം രാജ്യം ഭരിച്ചൊരു കുടുംബം രാജ്യത്ത് പരിഭ്രാന്തി പരത്തുകയാണ്’ – വര്‍മ്മയെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെയും വര്‍ഗീയ-വിദ്വേഷ പ്രസ്താവനകള്‍ക്ക് പേരുകേട്ട നേതാവാണ് വര്‍മ്മ. പൗരത്വ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷാഹീന്‍ബാഗില്‍ സമരം ചെയ്ത വനിതകള്‍ക്കെതിരെ, അവരുടെ വീട്ടില്‍ കയറി മാനഭംഗം ചെയ്ത് കൊല്ലണം എന്ന് ഇദ്ദേഹം പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉണ്ടായെങ്കിലും ഡല്‍ഹി പൊലീസ് പ്രസ്താവനയില്‍ നടപടിയെടുത്തിരുന്നില്ല.
കോവിഡ് 19നെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്ന് കോണ്‍ഗ്രസ് തുടക്കം മുതല്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു. പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആസൂത്രണ രഹിതമായാണ് നടപ്പാക്കിയത് എന്നും പാര്‍ട്ടി കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കുടിയേറ്റ തൊഴിലാളികളുടെയും മറ്റും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചു കൂട്ടിയിരുന്നു. 22 കക്ഷികളാണ് വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.