രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ്; ആക്രമിച്ച് നിശബ്ദമാക്കാമെന്ന് കരുതുന്നത് ഭീരുത്വമാണെന്ന് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ കല്ലേറ് നടത്തിയത് ബി.ജെ.പിയാണന്ന് കോണ്‍ഗ്രസ്. ആക്രമിച്ച് നിശബ്ദമാക്കാമെന്ന് കരുതുന്നത് ഭീരുത്വമാണെന്ന് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പറഞ്ഞു.
ഗുജറാത്തില്‍ പര്യടനം നടത്തുന്നതിനിടെ മോഡി അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ ആള്‍ക്കൂട്ടം രാഹുല്‍ സഞ്ചരിച്ച കാറിനു നേരെ കല്ലെറിയുകയുമായിരുന്നു.
ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ബനാകാന്ത ജില്ലയിലെ ധനേരയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ രാഹുലിനു നേരെ അക്രമികള്‍ കരിങ്കൊടി കാണിക്കുകയും കല്ലെറിയുകയായിരുന്നുവെന്ന് പൊലീസ് സുപ്രണ്ട് നീരജ് ബദുഗുജാര്‍ അറിയിച്ചു.

കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്.

ആള്‍ക്കൂട്ടത്തിനിടെ നിന്നും സിമന്റ് കട്ടകൊണ്ടാണ് കാറിനു നേരെ ഏറ് വന്നത്. വാഹനത്തിന്റെ ചില്ലുകള്‍ പൂര്‍ണമായി തകര്‍ന്നു. എന്നാല്‍ എസ്പിജി കമാന്‍ഡോസിനൊപ്പം യാത്രചെയ്യുകയായിരുന്ന രാഹുലിന് പരിക്കേറ്റിട്ടില്ല.

 

SHARE