പരാജയഭീതിയില്‍ ഗുജറാത്ത് മുഖ്യമന്ത്രി ലാത്തി കാട്ടി ഭീഷണിപ്പെടുത്തുന്നു: രാഹുല്‍

ന്യൂഡല്‍ഹി: പരാജയഭീതിയെതുടര്‍ന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പൊലീസിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിയൊതുക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ ആരോപണം.

രാജ്‌കോട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ഇന്ദ്രാണി റായ്ഗുരു, മിതുല്‍ ദോംഗ, പാര്‍ലമെന്റംഗം രാജീവ് സാതവ് എന്നിവര്‍ക്കു നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ്ജ് ഇതിന് തെളിവാണ്. ഷാ – കാല്‍ (അമിത് ഷാ യുഗത്തിലെ) അഴിമതികള്‍ പുറത്തുവരുമ്പോള്‍ പരാജയഭീതി രൂപാണിയെ അലട്ടുന്നുണ്ട്. ലാത്തികൊണ്ട് ഇതിനെ അടിച്ചമര്‍ത്താമെന്നാണ് അദ്ദേഹം കരുതുന്നത്. 1980കളില്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ ഷാനില്‍ വിഖ്യാത നടന്‍ കുല്‍ഭൂഷണ്‍ കര്‍ഭാനന്ദ അവതരിപ്പിച്ച വില്ലന്‍ കഥാ പാത്രമായ ഷാകാലിനെയാണ് ഷാ-കാലിലെ പൊലീസ് നടപടി അനുസ്മരിപ്പിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.

 

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഒരു ദിനം ഒരു ചോദ്യം എന്ന പേരില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ അടുത്ത ചോദ്യം സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട്. ഗുജറാത്തിലെ സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ മോദിയും ബി.ജെ.പിയും പരാജയപ്പെട്ടെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.

ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നീതി ലഭിക്കുന്നില്ല എന്നായിരുന്നു അഞ്ചാംദിനത്തിലെ രാഹുലിന്റെ ചോദ്യം. ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളില്‍ സ്ത്രീകള്‍ ഏറെ പിന്നാക്കമാണ്. കഴിഞ്ഞ 22 വര്‍ഷമായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇതില്‍ 13 വര്‍ഷവും സംസ്ഥാനം ഭരിച്ചത് മോദിയാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നത് വെറും മൂന്ന് ശതമാനം പേര്‍ മാത്രമാണ്. സ്ത്രീകളെ കടത്തുന്നതില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ആസിഡ് ആക്രമണങ്ങളില്‍ അഞ്ചാം സ്ഥാനത്തും ബലാത്സംഗക്കേസുകളില്‍ പത്താം സ്ഥാനത്തുമാണ് ഗുജറാത്ത്.

2001ല്‍ ഗുജറാത്തിലെ സ്ത്രീ സാക്ഷരത 70 ശതമാനമായിരുന്നു. അതേ വര്‍ഷമാണ് ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. മോദി ഭരണത്തില്‍ 2011 ആയപ്പോഴേക്കും സ്ത്രീ സാക്ഷരത 57 ശതമാനമായി കുറഞ്ഞു. സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്ന രാജ്യത്തെ പത്ത് നഗരങ്ങളില്‍ സൂറത്തും അഹമ്മദാബാദും ഇടംപിടിച്ചത് എന്തുകൊണ്ടാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ 20ാം സ്ഥാനത്തേക്ക് ഗുജറാത്ത് പിന്തള്ളപ്പെട്ടത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു.

ഒരു ദിനം ഒരു ചോദ്യം ക്യാമ്പയിന്റെ ഭാഗമായി ഇതിനു മുമ്പ് രാഹുല്‍ ഉന്നയിച്ച നാല് ചോദ്യങ്ങളും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. പബ്ലിസിറ്റി സ്റ്റണ്ടിന് പൊതുഖജനാവ് ധൂര്‍ത്തടിക്കുന്നതും കൂടിയ വിലക്ക് സ്വകാര്യ കമ്പനികളില്‍നിന്ന് വൈദ്യുതി വാങ്ങുന്നതും വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കാത്തതും ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യമായി ഉന്നയിച്ചത്.

SHARE