മോദി ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് രാഹുല്‍

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ എച്ച് 1 ബി വിസ സംബന്ധിച്ച് ചര്‍ച്ച നടത്താതിരുന്ന മോദി ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ ഭണത്തിന് കീഴിലുള്ള കാശ്മീര്‍ എന്ന അമേരിക്കന്‍ പ്രയോഗം അംഗീകരിച്ചതിനെയും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു. പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങിനെ ബി.ജെ.പി ദുര്‍ബലനായ പ്രധാനമന്ത്രി എന്നു വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച അതേ രൂപത്തിലുള്ള പരാമര്‍ശമാണ് രാഹുല്‍ ഉപയോഗിച്ചത്. മോദിയുടെ യു.എസ്, ഇസ്രാഈല്‍ സന്ദര്‍ശന സമയത്ത് തന്നെയാണ് ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് രംഗത്തു വന്നതെന്നതും ശ്രദ്ധേയമാണ്. മൂന്നു വര്‍ഷത്തിനിടെ 65-ാമത്തെ വിദേശ സന്ദര്‍ശനമാണ് മോദി ഇസ്രാഈലില്‍ നടത്തുന്നത്. ആഭ്യന്തര പ്രേക്ഷകരെ തൃപ്തിപ്പെടുത്താനായാണ് മോദി വിദേശ രാജ്യങ്ങളില്‍ മാറി മാറി സന്ദര്‍ശനം നടത്തുന്നതെന്ന് എ.ഐ.സി.സി വക്താവ് അജയ് മാക്കന്‍ കുറ്റപ്പെടുത്തി.

SHARE