ന്യൂഡല്‍ഹി: ദുബൈയില്‍ മരിച്ച സാമൂഹിക പ്രവര്ത്തകന് നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ ഭാര്യ ആതിരയ്ക്ക് ആശ്വാസവാക്കുകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നിതിന്‍ ബാക്കിവച്ചത് സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മാതൃകയാണെന്ന് രാഹുല്‍ ആതിരയ്ക്കെഴുതിയ കത്തില്‍ കുറിച്ചു.
‘പേരാമ്പ്രയിലെ നിതിന്‍ ചന്ദ്രന്റെ മരണം ഞെട്ടലായി. കോവിഡ് കാലത്ത് സഹജീവികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ആ ചെറുപ്പക്കാരന് യുവതയ്ക്കാകെ മാതൃകയാണ്. പ്രവാസികള്‍ക്കായി നടത്തിയ നിയമപോരാട്ടം എക്കാലവും ഓര്‍മിക്കപ്പെടും. ആതിരയുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ പങ്കുചേരുന്നു’ – ട്വിറ്ററില്‍ രാഹുല്‍ കുറിച്ചു.
‘മഹാമാരിക്കിടയില്‍ ആവശ്യമുള്ളവര്‍ക്ക് സഹായം എത്തിക്കാനുള്ള നിതിന്റെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനം ഓര്‍മിക്കപ്പെടും. ഗര്‍ഭിണികളെ മുന്‍ഗണനാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള അദ്ദേഹത്തിന്റെ അക്ഷീണ യത്നമാണ് വേഗത്തില്‍ തിരിച്ചെത്താനുള്ള (പ്രവാസികള്‍ക്ക്) വഴിയൊരുക്കിയത്. മകളോടുള്ള സ്നേഹത്തിന്റെയും അലിവിന്റെയും പൈതൃകമാണ് അദ്ദേഹം ബാക്കിവച്ചത്. ഈ ബുദ്ധിമുട്ടേറിയ വേളയില്‍ നിങ്ങള്‍ക്കും കുടുംബത്തിനുമൊപ്പം എന്റെ പ്രാര്‍ത്ഥന’ – കത്തില്‍ രാഹുല്‍ എഴുതി.
അതിനിടെ, നിതിന്‍ ചന്ദ്രന് ആശുപത്രിക്കിടക്കയില്‍ വച്ച് ആതിര വിട നല്കി. പ്രസവ ശേഷം മിംസ് ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിച്ച ശേഷമാണ് മൃതദേഹം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലെത്തിച്ചത്. സംസ്കാരം വീട്ടുവളപ്പില്‍ നടത്തി.