തെരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തില്‍, വിമര്‍ശനം നേരിടാനൊരുങ്ങി ബി.ജെ.പി ക്യാമ്പ്

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ ഗുജറാത്തിലെത്തും.

ഗുജറാത്ത് സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി ജാതി-പാര്‍ട്ടി തല നേതാക്കളുമായി തെരഞ്ഞെടുപ്പിലെ നേട്ടങ്ങളെയും കോട്ടങ്ങളെയും വിലയിരുത്താന്‍ പ്രതേക കൂട്ടിക്കാഴച നടത്തും . ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയും ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണ് നേരിട്ട്  പ്രചാരണത്തിനിറങ്ങിയത് തുടര്‍ന്ന് ഇരുവരും തമ്മിലുള്ള പോരാട്ടമാണ് ഗുജറാത്തില്‍ അരങ്ങേറിയതെന്ന് രാഷ്ട്രീയ നേതാക്കളും നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച കോണ്‍ഗ്രസ് സഖ്യം 80 സീറ്റാണ് നേടിയത്. ഇതില്‍ 77 സീറ്റുകള്‍ കോണ്‍ഗ്‌സും രണ്ടു സീറ്റുകള്‍ സഖ്യകക്ഷിയായ ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയും ഒരു സീറ്റ് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര ദളിത് യുവ നേതാവ് ജിഗ്നേഷ് മേവാനിവുമാണ് നേടിയത്. അതേസമയം അധികാരം നിലനിര്‍ത്തിയെങ്കിലും 115 സീറ്റില്‍ നിന്നും 99 ചുരുങ്ങുന്നതായിരുന്നു ബി.ജെ.പിയുടെ പ്രകടനം. 1995നു ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്

നോട്ടുനിരോധനവും ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടങ്ങി നിര്‍ണ്ണായക കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ ശേഷം നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ രാജ്യം വളരെയധികം ശ്രദ്ധനേടിയ തെരഞ്ഞെടുപ്പായിരുന്നു ഗുജറാത്ത്. പ്രചാരണത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് പാക് ബന്ധം തുടങ്ങി ഗുരുതര പരാമര്‍ശം മോദി ഉയര്‍ത്തിയിരുന്നു. ഇത്തരം മോശമായ പ്രചാരണ ആയുധങ്ങള്‍ പ്രയോഗിച്ചിട്ടും മോദിയുടെ ജന്മനാട്ടായ മണ്ഡലത്തില്‍ ബി.ജെ.പിക്ക് തോല്‍വിയായിരുന്നു ഫലം.അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പ് കാമ്പെയ്‌നിന്റെ ഭാഗമായി ദിവസേന ഒരു ചോദ്യം ഉയര്‍ത്തിയ രാഹുലിന് കൃത്യമായ മറുപടി നല്‍കാന്‍ ബി.ജെ.പിക്ക് ഇതുവരെ ആയിട്ടില്ല. ഇത്തവണ രാഹുല്‍ കൂടുതല്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ മറുപടി നല്‍കാന്‍ ഒരുങ്ങി തന്നെയാവും ബി.ജെ.പി ക്യാമ്പ്.