വോട്ടര്‍മാരെ നേരില്‍ കാണാന്‍ ഉടന്‍ വയനാടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി

വയനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു.ഡി.എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വി്റ്ററിലൂടെയാണ് രാഹുല്‍ വിവരം അറിയിച്ചത്. എന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച യുഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും തീര്‍ത്താല്‍ തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ടെന്നും വൈകാതെ നേരില്‍ കാണാമെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘എന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച യുഡി എഫിന്റെ എല്ലാ പ്രവര്‍ത്തകരോടും നേതാക്കളോടും തീര്‍ത്താല്‍ തീരാത്തത്ര നന്ദിയും കടപ്പാടുമുണ്ട്. റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ എന്നെ വിജയിപ്പിച്ച എന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു ഡി എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തും. വൈകാതെ നേരില്‍ കാണാം. സ്നേഹത്തോടെ, രാഹുല്‍ ഗാന്ധി.’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നാലേകാല്‍ ലക്ഷത്തിനുമേല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ജയിച്ചത്.