
ന്യൂഡല്‍ഹി: 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം വരെയുള്ള കാര്യങ്ങളില്‍ അത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെയാണ് വിമര്‍ശനങ്ങളെല്ലാം. നിരവധി നേതാക്കള്‍ മോദി-ഷാ അച്ചുതണ്ടിനെതിരെ വിമര്‍ശനവുമായി രംഗത്തുണ്ട്. ബി.ജെ.പിക്കുള്ളില്‍ നിന്ന് യശ്വന്ത് സിന്‍ഹയും ശത്രഘ്നന്‍ സിന്‍ഹയും മുതല്‍ തെരുവില്‍ മമതാ ബാനര്‍ജി വരെ മോദി-ഷാ സഖ്യത്തിനെതിരെ ശക്തമായ വാഗ്ധോരണികളുമായി രംഗത്തുണ്ട്.
എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ മോദി-അമിത് ഷാ കൂട്ടുകെട്ട് നടപ്പാക്കുന്ന കാര്യങ്ങള്‍ അവര്‍ രണ്ടുപേരില്‍ ഒതുങ്ങി നില്ക്കുന്ന ചില മണ്ടത്തരങ്ങള്‍ മാത്രമാണോ? അല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അതിനെ കുറിച്ച് കൂടുതല്‍ മനസിലാവണമെങ്കില്‍ യു.പി.എ ഭരണകാലത്തേക്ക് കൂടി പോവേണ്ടി വരും. രണ്ടാം യു.പി.എ കാലത്ത് പ്രതിഷേധം കൊണ്ട് തിളച്ചു മറിഞ്ഞ ഡല്‍ഹി തെരുവുകള്‍ നമുക്ക് ഓര്‍മ്മയുണ്ട്. മഹാരാഷ്ട്രയില്‍ നിന്ന് രംഗപ്രവേശം ചെയ്ത അഭിനവ ഗാന്ധിക്ക് പിന്നില്‍ അണിനിരന്ന ആയിരങ്ങള്‍. അഴിമതിക്കെതിരെ കുരിശുയുദ്ധ പ്രഖ്യാപിച്ച് വന്ന അന്നാ ഹസാരെ, കെജരിവാള്‍, കിരണ്‍ ബേദി തുടങ്ങിയവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് രാജ്യം കണ്ടതാണ്.
രാജ്യം രക്ഷിക്കാനിറങ്ങിയ ആ ഗാന്ധിയനും കൂട്ടരും യഥാര്‍ത്ഥത്തില്‍ ഗാന്ധി ഘാതകനായ ഗോഡസെയുടെ അനുയായികളായിരുന്നുവെന്നാണ് പില്ക്കാല സംഭവങ്ങള്‍ തെളിയിച്ചത്. മോദി ഭരണത്തില്‍ വലിയ മണ്ടത്തരങ്ങളും ജനാധിപത്യ വിരുദ്ധതയും അരങ്ങേറുമ്പോഴും ഹസാരെ മൗനത്തിലാണ്. കിരണ്‍ ബേദി അടക്കമുള്ളവര്‍ ഇന്ന് സംഘപരിവാര്‍ പാളയത്തിലാണ്. യഥാര്‍ത്ഥത്തില്‍ ആര്.എസ്.എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒന്നായിരുന്നു ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടം.
അന്ന് മുതല്‍ പൗരത്വ ഭേദഗതി നിയമം വരെയുള്ള കാര്യങ്ങളില്‍ നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശങ്ങളാണ് രാജ്യത്ത് നടപ്പാവുന്നത്. ആര്.എസ്.എസിന്റെ രണ്ടാം സര്സഘ്ചാലകായിരുന്ന എം.എസ് ഗോള്‍വാള്‍ക്കറുടെ ആശയങ്ങളായ മുസ്ലിം വിരുദ്ധതയും വംശശുദ്ധിയിലധിഷ്ഠിതമായ ദളിത് വിരുദ്ധതയുമാണ് രാജ്യത്ത് നടപ്പാക്കപ്പെടുന്നത്. മനുസ്മൃതിയാണ് അവര്‍ സ്വപ്നം കാണുന്ന ഭരണഘടന. ഫെഡറല്‍ സംവിധാനം ഇല്ലാത്ത ഏകീകൃത അധികാര കേന്ദ്രമാണ് അവരുടെ ലക്ഷ്യം. ഒരു രാജ്യം, ഒരു ജനത, ഒരു ഭാഷ തുടങ്ങി ഒരു പാര്‍ട്ടി എന്നതിലേക്കുള്ള ദൂരം ഇന്നത്തെ അവസ്ഥയില്‍ അതിവിദൂരമല്ല. മോദി- അമിത് ഷാ കൂട്ടുകെട്ടിന്റെ മണ്ടത്തരങ്ങള്‍ മാത്രമായി ഓരോ തീരുമാനത്തെയും പരിഹസിച്ച് തള്ളുന്നതിനപ്പുറം ആര്.എസ്.എസിന്റെ സവര്‍ണ ആശയഗതിക്കെതിരായ പോരാട്ടമാണ് രാജ്യത്ത് നടക്കേണ്ടത്.
പല ഘട്ടങ്ങളിലും ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശനവിധേയനായിട്ടുള്ള നേതാവാണ് രാഹുല്‍ ഗാന്ധി. മമത അടക്കമുള്ളവരുടെ പേരുകള്‍ പലപ്പോഴും ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ന്നു കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ഭീഷണി ആര്.എസ്.എസ് ആണെന്ന് തിരിച്ചറിയുകയും അത് നിരന്തരം വിളിച്ചു പറയുകയും ചെയ്യുന്ന ഏക ദേശീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. കഴിഞ്ഞ ദിവസം അസമില്‍ സംസാരിക്കുമ്പോഴും അദ്ദേഹം പറഞ്ഞത് നാഗ്പൂരില്‍ നിന്ന് അസമിനെ നിയന്ത്രിക്കാന്‍ നോക്കരുതെന്നാണ്. പാര്‍ലിമെന്റിനകത്തും പുറത്തും പ്രസംഗിക്കുമ്പോഴാണ് ബി.ജെ.പിക്കൊപ്പം ആര്.എസ്.എസിനെ ചേര്‍ത്തു പറയുന്ന ഏക നേതാവാണ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ നേതാവ് രാഹുല്‍ ഗാന്ധിയാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാടുകള്‍ തെളിയിക്കുന്നത്. അത് തിരിച്ചറിഞ്ഞ നേതാവിന്റെ കൂടെയുള്ള പോരാട്ടങ്ങളും പ്രക്ഷോഭങ്ങളും മാത്രമേ സംഘപരിവാറിനെതിരായ അന്തിമ വിജയത്തില്‍ കലാശിക്കുകയുള്ളൂ.