‘ഞാന്‍ വിവാഹിതനാണ്, പക്ഷേ…’; വിവാഹ ചോദ്യത്തിന് രാഹുല്‍ഗാന്ധിയുടെ മറുപടി

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹം സംബന്ധിച്ച് പല അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. നേരിട്ടുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാണ് രാഹുല്‍ഗാന്ധി പലപ്പോഴും ചെയ്യുക. എന്നാല്‍ ഇത്തവണ വിവാഹത്തിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍.

തന്റെ വിവാഹം നേരത്തെ തന്നെ കഴിഞ്ഞതാണെന്നും വധു കോണ്‍ഗ്രസാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ഗാന്ധി വിവാഹത്തെക്കുറിച്ച് സംസാരിച്ചത്.

സംവാദത്തിനിടെ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രാഹുല്‍ എന്നു വിവാഹിതനാവുമെന്ന് ചോദിച്ചിരുന്നു. ഇതിനു മറുപടിയായാണ് രാഹുലിന്റെ പ്രതികരണം.

2014ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റ ആന്ധ്രപ്രദേശില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയാകാനുള്ള താല്‍പര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ആദ്യം ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കട്ടെയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി.

വ്യക്തിപരമായല്ല, ആശയപരമായാണ് മോദിയോട് വിയോജിപ്പെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവരോട് തനിക്ക് പ്രത്യേക സ്പര്‍ദ്ധയൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു. ഇതു മോദിക്കു മനസ്സിലാക്കി നല്‍കാനാണ് താന്‍ അദ്ദേഹത്തെ ആലിംഗന ചെയ്തതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

SHARE