വയനാടില്‍ വീണ്ടും രാഹുലിന്റെ ഇടപെടല്‍; ജില്ലാ ആസ്പത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ എത്തിച്ചു

കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവര്‍ത്തനസജ്ജമായി. സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്റെ സംവിധാനമായി ജില്ലയില്‍ ആദ്യമായി പ്രാവര്‍ത്തികമാവുന്നത്. രാഹുല്‍ ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും 26,50,000 രൂപ ചിലവഴിച്ച് കഴിഞ്ഞ ദിവസമാണ് ജില്ലാ ആസ്പത്രിയില്‍ മെഷീന്‍ സ്ഥാപിച്ചത്. എന്നാല്‍ നിലവില്‍ കൊവിഡ് ആസ്പത്രിയായതിനാല്‍ പിന്നീടായിരിക്കും ചികിത്സ ആരംഭിക്കുകയെന്ന് മാനന്തവാടി ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. ദിനേഷ്‌കുമാര്‍ പറഞ്ഞു.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ രാഹുല്‍ഗാന്ധി എം.പിയുടെ സഹായത്താല്‍ നേരത്തെ വെന്റിലേറ്റര്‍ സ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ത്രോസ്‌കോപ്പി മെഷീന്‍ കൂടി വയനാട് എം പിയുടെ ഇടപെടലിലൂടെ സാധ്യമായിരിക്കുന്നത്.

കാല്‍മുട്ട്, തോള്‍, കണങ്കാല്‍, കൈമുട്ട്, കൈ ത്തണ്ട എന്നിങ്ങനെ സന്ധികളിലുണ്ടാകുന്ന വീക്കം, മറ്റ് പരിക്കുകള്‍, കേടുപാടുകള്‍ ഇവ അനായാസം കണ്ടെത്തി ചികിത്സ ലഭ്യമാക്കുന്നതിനാണ് ഈ ഉപകരണം ഉപയോഗിക്കുന്നത്. ഇത്തരം ചികിത്സകള്‍ക്കായി മറ്റ് ജില്ലകളെയും, സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഉയര്‍ന്ന ചിലവ് വരുന്ന ഈ ചികിത്സ സാധാരണക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായിരുന്നു. സ്വകാര്യ ആശുപത്രികളിലു മറ്റും ലക്ഷങ്ങള്‍ ചിലവ് വരുന്ന ഈ ചികിത്സ നടത്താനാവാതെ ദുരിതത്തിലായ നിരവധി പേരാണ് ജില്ലയിലുള്ളത്. ഇവര്‍ക്ക് അധികം വൈകാതെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ തന്നെ ചികിത്സ ലഭ്യമാകും. സന്ധികളില്‍ ഒരു ചെറിയ മുറിവുണ്ടാക്കി ക്യാമറയും, പ്രകാശവുമുള്ള ആര്‍ത്രോസ്‌കോപ്പ് എന്ന വളരെ ചെറിയ ഉപകരണം കടത്തിവിട്ടാണ് രോഗം നിര്‍ണയിക്കുക.

സന്ധികളില്‍ അണുവിമുക്തമായ ദ്രാവകം ഉപയോഗിച്ചുകൊണ്ട് രോഗം കണ്ടെത്തി ഏത് തരം ശസ്ത്രക്രിയയാണ് വേണ്ടതെന്ന് നിശ്ചയിക്കുന്നതാണ് ഈ ഉപകരണം ഉപയോഗിച്ചുള്ള പരിശോധനാരീതി. പ്രധാനമായും താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. സ്പോര്‍ട്സ് താരങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന ശസ്ത്രക്രിയാ രീതി കൂടിയാണിത്.