രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തും; വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച കേരളത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. നാമനിര്‍ദേശ പത്രിത സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ചയായിരിക്കും അദ്ദേഹം പത്രിക സമര്‍പ്പിക്കുക. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനാണ് പത്രികാസമര്‍പ്പണത്തിന്റെ ക്രമീകരണച്ചുമതല.

രാഹുല്‍ ഗാന്ധിയുടെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് മലബാറിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ് പ്രവര്‍ത്തകരും നേതാക്കളും ആവേശത്തിലാണ്.

അതേസമയം രാഹുലിന്റെ വരവ് തങ്ങളുടെ എല്ലാ സാധ്യതകളും അടച്ചുകളയുമെന്ന ഭയത്തില്‍ സി.പി.എം നേതൃത്വം ആകെ അങ്കലാപ്പിലാണ്. രാഹുലിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പൊടിതട്ടിയെടുത്ത് ഉപയോഗിക്കുകയാണ് സഖാക്കള്‍. സ്മൃതി ഇറാനിയെ വരെ ഉയര്‍ത്തിപ്പിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ സഖാക്കള്‍ രാഹുലിനെതിരെ പ്രചരണം നടത്തുന്നത്.

SHARE