രാഹുല്‍ ഗാന്ധി ആയിരുന്നു ശരി; കോവിഡില്‍ സര്‍ക്കാര്‍ വീഴ്ചകളുടെ കണക്കു നിരത്തി ചിദംബരം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ നരേന്ദ്രമോദി സര്‍ക്കാറിന് ഗുരുതര വീഴ്ചകള്‍ പറ്റിയതായി മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം. കോവിഡിന്റെ ഭീതിയെ കുറിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും എന്നാല്‍ സര്‍ക്കാര്‍ അത് അവഗണിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതുന്ന പ്രതിവാര കോളത്തിലാണ് അദ്ദേഹം കണക്കുകള്‍ നിരത്തി സര്‍ക്കാറിന്റെ വീഴ്ചകള്‍ തുറന്നു കാണിച്ചത്.

2019 ഡിസംബര്‍ 30നാണ് ചൈനയില്‍ ആദ്യത്തെ കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാന്‍ നഗരത്തില്‍ നിന്ന് ഹുബെയ് പ്രവിശ്യയിലേക്കും അവിടെ നിന്ന് ലോകത്തെ മറ്റെല്ലായിടത്തേക്കും വൈറസ് പരന്നു. ജനുവരിയോടെ ഏകദേശം രാജ്യങ്ങളില്‍ എല്ലാം വൈറസെത്തി. ഇതേക്കുറിച്ച് ഫെബ്രുവരി 12ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത് ഇങ്ങനെ;

‘നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും അങ്ങേയറ്റം ഗുരുതരമായ ഭീഷണിയാണ് കൊറോണ വൈറസ്. ഈ ഭീഷണിയെ സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. പെട്ടെന്നുള്ള നടപടികള്‍ അത്യാവശ്യമാണ്’

എന്നാല്‍ ഫെബ്രുവരി 12 വരെ കേന്ദ്രസര്‍ക്കാര്‍ ചെയ്തത് രണ്ടു കാര്യങ്ങള്‍ മാത്രമാണ്. 1- ചില രാജ്യങ്ങളിലേക്കുള്ള യാത്രയില്‍ മുന്‍കരുതല്‍ വേണമെന്ന് ജനുവരി 17ന് ആവശ്യപ്പെട്ടു. രണ്ട്- ഫെബ്രുവരി മൂന്നിന് ചില രാഷ്ട്രങ്ങളില്‍ നിന്നുള്ള ഇ-വിസ സസ്‌പെന്‍ഡ് ചെയ്തു- ചിദംബരം എഴുതി.

പതിവു പോലെ രാഹുല്‍ഗാന്ധിക്കെതിരെ ട്രോളുകള്‍ ഉണ്ടായി. ‘നിങ്ങള്‍ ലേറ്റസ്റ്റ് ന്യൂസ് പരിശോധിച്ചു അല്ലേ’ എന്നായിരുന്നു സരള്‍ പട്ടേല്‍ എന്നയാള്‍ എഴുതിയത്. ‘ഓ ദൈവമേ. നിങ്ങള്‍ക്ക് ഇന്ദ്രിയവുമുണ്ട്. തമാശ നിര്‍ത്തി പോഗോ കാണാന്‍ തിരിച്ചു പോകൂ’ -എന്നായിരുന്നു പൂജ എന്ന ട്വിറ്റര്‍ ഉപഭോക്താവിന്റെ പരിഹാസം. എന്നാല്‍ മാര്‍ച്ച് മൂന്നിന് രാഹുല്‍ വീണ്ടും ‘ഉറച്ച വിഭവങ്ങളുടെ പിന്തുണയുള്ള പദ്ധതികള്‍ ഈ പ്രതിസന്ധി മറകടക്കാന്‍ ആവശ്യമാണ്’ എന്ന് വീണ്ടുമെഴുതി.

മാര്‍ച്ച് 14നാണ് കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്നത്. ചില രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. അയല്‍ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടച്ചു. വിമാന യാത്രകള്‍ സസ്‌പെന്‍ഡ് ചെയ്തു. മാര്‍ച്ച് 25 മുതല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരിഞ്ഞു നോക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയായിരുന്നു ശരി. ഈ ഗുരുതര ഭീഷണിയെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയവരില്‍ ഒരാളാണ് അദ്ദേഹം. കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിനും മുമ്പെ നടപടികള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് വരെ കാത്തിരിക്കാതെ ഫെബ്രുവരി വരെ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളേണ്ടിയിരുന്നു- ചിദംബരം എഴുതി.

നിലവിലെ പ്രതിസന്ധിയെ നേരിടാന്‍ ധീരതയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത് എന്ന് ചിദംബരം പറയുന്നു. ചികിത്സ, ദരിദ്രരുടെ ജീവിതോപാധി, വീടുകളിലെ അവശ്യസേവനങ്ങള്‍, സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കല്‍ എന്നീ നാലു കാര്യങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്നും മുന്‍ ധനമന്ത്രി കൂടിയായ അദ്ദേഹം നിര്‍ദ്ദേശിച്ചു.