ബിജെപിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി ‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

മധ്യപ്രദേശിനൊടുവില്‍ രാജ്യസ്ഥാനിലും തെരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധവുമായി കോൺഗ്രസ്.

‘സ്പീക്ക് ഫോര്‍ ഡെമോക്രസി’ എന്ന പേരിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. നേതാക്കളും പ്രവര്‍ത്തകരും സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ഹാഷ്ടാഗില്‍ തങ്ങളുടെ പ്രതിഷേധവും അഭിപ്രായവും രേഖപ്പെടുത്തും. ‘ജനാധിപത്യം സംരക്ഷിക്കാന്‍’ ജനങ്ങള്‍ ഒന്നിക്കണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

ഭരണഘടനയുടെ അടിസ്ഥാന ബലത്തിലും ജനങ്ങളുടെ ശബ്ദത്തോടെയും ഇന്ത്യയുടെ ജനാധിപത്യം പ്രവര്‍ത്തിക്കുമെന്നും ബിജെപിയുടെ വഞ്ചനയേയും ഗൂഢാലോചനകളേയും നിഷേധിച്ച് രാജ്യത്തെ ജനങ്ങള്‍ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

അതേസമയം, ‘സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’ പ്രചാരണം സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ഇന്നു രാവിലെ ട്വിറ്ററില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ രണ്ട് ലക്ഷത്തിലേറെ ട്വീറ്റുകളുമായി ‘സ്പീക്ക് അപ്പ് ഫോര്‍ ഡെമോക്രസി’ ഹാഷ്ടാഗ് ട്രെന്റിങിലെത്തി.

തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവനുകള്‍ക്കു മുന്നില്‍ ‘സേവ് ഡെമോക്രസി-സേവ് കോണ്‍സ്റ്റിട്യൂഷന്‍’ എന്ന പേരില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും, ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചായിരിക്കും എല്ലാ പ്രക്ഷോഭ പരിപാടികളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കെ.സി വേണുഗോപാലിന്റെ പ്രസ്താവനയുടെ പൂര്‍ണരൂപം

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പണമൊഴുക്കിയും, കുതിരക്കച്ചവടം നടത്തിയും അട്ടിമറിക്കാനും, ഈ രാഷ്ട്രീയ അധാര്‍മിക പ്രവര്‍ത്തങ്ങള്‍ക്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ പോലും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്ന ബിജെപി നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടി ദേശ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് മഹാമാരിയുടെ കാലത്തു പോലും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിന് പകരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കോപ്പു കൂട്ടുകയാണ് ബി ജെപി. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സമയത്താണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അട്ടിമറിച്ചത്. അത് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കോവിഡ് പ്രതിരോധത്തെ പോലും ദോഷമായി ബാധിച്ചിരുന്നു. മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രിക്കു പോലും കോവിഡ് ബാധിക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. സമാനമായ രീതിയിലാണ് ഏറ്റവും പ്രശംസനീയമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ കോപ്പു കൂട്ടികൊണ്ടിരിക്കുന്നത്. ഈ അധാര്‍മിക രാഷ്ട്രീയ നടപടിക്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ കാവലാളാവേണ്ട സ്ഥാപനങ്ങള്‍ പോലും കൂട്ടുനില്‍ക്കുകയാണ്. മുഖ്യ മന്ത്രി ആവശ്യപ്പെട്ടിട്ടു പോലും നിയമസഭാ വിളിച്ചു ചേര്‍ക്കാതെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനു കൂട്ട് നില്‍ക്കുകയാണ് രാജസ്ഥാനിലെ ഗവര്‍ണര്‍. ഈ നഗ്‌നമായ ജനാധിപത്യ വിരുദ്ധ നടപടികള്‍ക്കെതിരെ നാളെ ജൂലൈ 26 നു സ്പീക്ക് ഫോര്‍ ഡെമോക്രസി എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് പാര്‍ട്ടി ക്യാമ്പയിന്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 27 തിങ്കളാഴ്ച എല്ലാ സംസ്ഥാനങ്ങളിലും രാജ് ഭവനുകള്‍ക്കു മുന്നില്‍ സേവ് ഡെമോക്രസി-സേവ് കോണ്‍സ്റ്റിട്യൂഷന്‍ എന്ന പേരില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ പ്രക്ഷോഭ പരിപാടികളും സാമൂഹ്യ അകലവും, ആരോഗ്യ പ്രോട്ടോകോളുകളും പാലിച്ചായിരിക്കും.