കേരളത്തിന്റെ പ്രളയ പുനരധിവാസത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

കേരളത്തിലെ ജനത പ്രളയമൂലം ദുരിതമനുഭവിക്കുമ്പോള്‍ പ്രളയമനുഭവിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ എന്തുകൊണ്ട് കേരളത്തിന് നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.

ഗുരുവായൂര്‍ സന്ദര്‍ശിക്കാന്‍ പണ്ട് സമയം കണ്ടെത്തിയ മോദി പ്രളയമുണ്ടായ സമയത്ത് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളും സന്ദര്‍ശിക്കണമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.

കേരളം ഇപ്പോഴും ദുരിതത്തിലാണ്. പ്രളയം ബാധിച്ച മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ പോലുള്ള ദുരിതാശ്വാസ സഹായത്തിനായി കേരളവും കാത്തിരിക്കുകയാണ്. കേരളത്തോട് കാണിക്കുന്നത് അനീതിയാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി പ്രളയ ബാധിതമായ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സന്ദര്‍ശനം തുടരുകയാണ്. ചൊവ്വാഴ്ചയാണ് ദുരിത ബാധിതരെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ മനസിലാക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനും രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത്.