ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണവും ന്ധനവിലയും വര്‍ദ്ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. ലോക്ക്ഡൗണില്‍ നല്കിയ ഇളവ് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് നേതാവിന്റെ വിമര്‍ശനം.
മോദി സര്‍ക്കാര്‍ അണ്‍ലോക്ക് ചെയ്തത് കൊവിഡ്19ന്റെ വ്യാപനവും പെട്രോള്‍- ഡീസല്‍ വില വര്ധനവുമാണെന്നാണ് വയനാട് എംപി ട്വിറ്ററില്‍ കുറിച്ചത്. കൊറോണ കേസുകളിലെയും ഇന്ധനവിലയിലെയും വര്‍ദ്ധന വ്യക്തമാക്കുന്ന ഡാറ്റയോട് കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.
ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ജൂണ്‍ ഒന്ന് മുതല്‍ ഇന്ധനവിലയും കൊറോണ കേസുകളും അനിയന്ത്രിതമായി വര്‍ധിക്കുന്നതായി രാഹുല്‍ ഗാന്ധി പങ്കുവച്ച ഇന്ഫോഗ്രാഫിക്സില് വ്യക്തമാക്കുന്നു.
രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. ഡീസലിന് മാത്രമാണ് ഇന്നു വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. ഡീസലിനു 45 പൈസ വര്‍ധിച്ചു. രാജ്യത്ത് ഇന്ധനവില 19 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില ഇടിഞ്ഞപ്പോഴാണ് രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി കുതിക്കുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ കൊവിഡ് രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് സംഭവിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതേ കാലയളവില്‍ 465 പേരാണ് രാജ്യത്ത് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.