രണ്ട് മോദിമാരുടെയും സുഖവാസ ജീവിതത്തെ ട്രോളി രാഹുല്‍ ഗാന്ധി

കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിയുടെ ലണ്ടന്‍ സുഖവാസത്തെ ട്രോളി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നീരവ് മോദിയെയും താരതമ്യപ്പെടുത്തി ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി പരിഹസിച്ചത്.

ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങി ലണ്ടനില്‍ സുഖജീവിതം നയിക്കുന്ന നീരവ് മോദിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ അസാധാരണമായ സാമ്യമുണ്ട്. രണ്ടു പേരും ഇന്ത്യയെ കൊള്ളയടിച്ചു. രണ്ടു പേരുടെയും പേരില്‍ മോദിയുണ്ട്. രണ്ടു പേരോടും എന്തെങ്കിലും ചോദിച്ചാല്‍ ഉത്തരമില്ല. രണ്ടു പേരും നിയമങ്ങള്‍ക്ക് അതീതരാണെന്ന് സ്വയം വിശ്വസിക്കുന്നു-ഇങ്ങനെയാണ് രാഹുലിന്റെ ട്വീറ്റ്.

ലണ്ടന്‍ നഗരത്തില്‍ ആര്‍ഭാട ജീവിതം നയിക്കുന്ന നീരവ് മോദിയുടെ ചിത്രങ്ങള്‍ നേരത്തെ ബ്രിട്ടീഷ് മാധ്യമമായ ദി ടെലിഗ്രാഫ് പുറത്തുവിട്ടിരുന്നു. നീരവിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.