‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’; പ്രധാനമന്ത്രിയെ രൂക്ഷമായി പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കനത്ത സാമ്പത്തിക മാന്ദ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ പരിഹാസവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം നിലയിലേക്ക് ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൂപ്പുകുത്തുമെന്ന മുന്നറിയിപ്പ് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ പരിഹാസം.

‘മോദിയാണെങ്കില്‍ അത് സാധ്യമാണ്’ (മോദി ഹേ തോ മുംമ്കിന്‍ ഹേ) എന്നായിരുന്നു, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ആര്‍ നാരായണ മൂര്‍ത്തിയുടെ മുന്നറയിപ്പ് പങ്കുവച്ചുകൊണ്ടുള്ള രാഹുലിന്റെ പരിഹാസം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ജിഡിപി വളര്‍ച്ച സ്വാതന്ത്രത്തിന് ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലെത്തുമെന്നായിരുന്നു നാരായണ മൂര്‍ത്തി പറഞ്ഞത്. മൂര്‍ത്തിയുടെ പ്രതികരണത്തിന്റെ വാര്‍ത്തയായ ബിസ്‌നസ് സ്റ്റാന്റേഡിന്റെ പേജിന്റെ സ്‌ക്രീന്‍ ഷോട്ട് കൂടി പങ്കുവെച്ച് കൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്‌.

രാജ്യത്തിന്റെ ജിഡിപി 1947-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലുത്തെമെന്ന് തിങ്കളാഴ്ചയാണ് നാരായണ മൂര്‍ത്തി ആശങ്ക പ്രകടിപ്പിച്ചത്. ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ എഞ്ചിനീയറിങ്​​ ആൻഡ്​ ടെക്​നോളജിയുടെ ചർച്ചയിൽ പങ്കെടുക്കവേയാണ് നാരായണമൂർത്തി ആശങ്ക പങ്കുവെച്ചത്. ഇന്ത്യയുടെ ജിഡിപി കുറഞ്ഞത് അഞ്ച് ശതമാനമെങ്കിലും ചുരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്, 1947 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജിഡിപിയിൽ പോലും എത്തിച്ചേരാമെന്ന ആശങ്കയുണ്ട് എന്നായിരുന്നു നാരായണമൂർത്തിയുടെ വാക്കുകൾ.

2019 ൽ മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ച പ്രധാന മുദ്രാവാക്യമായിരുന്നു മോദി ഹേ തോ മുംമ്കിൻ ഹേ. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽ പ്രധാനമന്ത്രിയെ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് അഭിനന്ദിച്ചത് ഇതേ വാക്കുകൾ ആവർത്തിച്ചായിരുന്നു.