കോണ്‍ഗ്രസ്സിലെ തന്റെ ഭാവിറോള്‍ ഇനി രാഹുല്‍ തീരുമാനിക്കും; അഹമ്മദ് പട്ടേല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തന്റെ ഭാവി റോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തീരുമാനിക്കുമെന്ന് മുതിര്‍ന്ന നേതാവും സോണിയാഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയുമായ അഹമ്മദ് പട്ടേല്‍. കഴിഞ്ഞ 16വര്‍ഷമായി സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് അഹമ്മദ് പട്ടേല്‍.

സോണിയാഗാന്ധിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് താന്‍ പടിയിറങ്ങുകയാണെന്നും പാര്‍ട്ടിയുടെ വര്‍ക്കിംഗ് കമ്മിറ്റി മെമ്പറായി തുടരുമെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു. പുതിയ അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ പുതിയ സംഘത്തിലേക്കുള്ളവരെ തീരുമാനിക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍, ചെറുപ്പക്കാരനും ഊര്‍ജ്ജസ്വലനുമാണ്. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന കാഴ്ച്ചപ്പാടുള്ളയാളുമാണ്. മക്കളുമായി ചര്‍ച്ച നടത്തിയതിനുശേഷം സോണിയ പാര്‍ട്ടിയിലെ ഭാവി പരിപാടിയെക്കുറിച്ച് തീരുമാനിക്കും. ഗുജറാത്തില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുള്‍പ്പെടെയുള്ള കൂട്ടുകെട്ടിലെ അപാകതകളും ദുര്‍ബല സ്ഥാനാര്‍ത്ഥികളുമാണ് കോണ്‍ഗ്രസ്സിന് 100 അംഗബലം ലഭിക്കാതിരുന്നതിന് കാരണമായത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടെന്നും പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ വമ്പിച്ച ജനപങ്കാളിത്തമാണ് കോണ്‍ഗ്രസ്സിന് റാലികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പലസീറ്റുകളിലും വിജയിച്ചില്ല. ഇലക്ട്രോണിക് മെഷീനുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും പട്ടേല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെതിരെയുള്ള പാക് ആരോപണത്തിനു നേരെയും അഹമ്മദ് പട്ടേല്‍ വിമര്‍ശനമുന്നയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് മന്‍മോഹന്‍സിംഗിനെ ലക്ഷ്യം വെച്ചത് ലജ്ജാകരമായിപ്പോയി. അദ്ദേഹം ഒരു ആദരണീയനായ മനുഷ്യനാണ്. സത്യസന്ധതയുടെ പര്യായമാണ് മന്‍മോഹന്‍സിംഗ്. പ്രധാനമന്ത്രി സ്ഥാനത്തിന് നിരക്കാത്തതാണ് മോദിയുടെ ആരോപണമെന്നും പട്ടേല്‍ പറഞ്ഞു.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പുകള്‍ക്കു ശേഷമാണ് രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. ഗുജറാത്തിലെ വന്‍ജനപങ്കാളിത്തമുള്ള പ്രചാരണത്തിനു ശേഷമാണ് രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. നിലവില്‍ 80അംഗ ബലത്തിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ റാത്തോഡ് ബി.ജെ.പിക്ക് പിന്തുണ നല്‍കിയതോടെ 100അംഗ ബലത്തോടെയാണ് വിജയ് രൂപാനി സര്‍ക്കാര്‍ അധികാരത്തിലുള്ളത്.